യുഎഇയിലെ നാല് പ്രധാന റോഡുകളില്‍ വേഗപരിധിയിൽ മാറ്റം

യുഎഇയില്‍ നാല് പ്രധാന റോഡുകളിലെ വേഗപരിധിയില്‍ മാറ്റം. ഈ വര്‍ഷം വേഗപരിധിയില്‍ മാറ്റം പ്രഖ്യാപിച്ച പ്രധാനപ്പെട്ട റോഡുകള്‍ ഇവയാണ്,

ഇ311 

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ (ഇ311) കുറഞ്ഞ വേഗപരിധി സംവിധാനം അബുദാബി ഒഴിവാക്കി. മണിക്കൂറില്‍ 120 കിലോമീറ്ററായിരുന്നു കുറഞ്ഞ വേഗപരിധി. ഇതാണ് മാറ്റിയത്. നേരത്തെ 120 കിലോമീറ്ററില്‍ കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തിയിരുന്നു. ഏപ്രില്‍ 14 മുതല്‍ കുറഞ്ഞ വേഗപരിധി ഒഴിവാക്കിയിട്ടുണ്ട്. ഈ റോഡില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററായി തുടരും. 

അബുദാബി- സ്വേഹാന്‍ റോഡ്

ഏപ്രില്‍ 14 മുതല്‍ ഈ റോഡില്‍ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 120 കിലോമീറ്റര്‍ ആയിരുന്നു. ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡ് (ഇ20) എന്നും ഈ റോഡ് അറിയപ്പെടുന്നു. ഡ്രൈവര്‍മാര്‍ ഈ വേഗപരിധി പാലിച്ചു വേണം വാഹനമോടിക്കാന്‍.

ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ റോഡ് (ഇ11)

ഏപ്രില്‍ 14 മുതല്‍ ഈ റോഡില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലാണ് വാഹനമോടിക്കേണ്ടത്. നേരത്തെ 160 കിലോമീറ്റര്‍ വേഗത ആയിരുന്നു. ഇതിലാണ് മാറ്റം വന്നത്. യുഎഇയിലെ ഏറ്റവും നീളമേറിയ റോഡാണ് ഇ11. അബുദാബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന ഈ റോഡ് ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലൂടെയും കടന്നു പോകാറുണ്ട്. ദുബൈയില്‍ ശൈഖ് സായിദ് റോഡെന്നും ഈ റോഡ് അറിയപ്പെടുന്നു.

റാസല്‍ഖൈമയിലെ റോഡ്

റാസല്‍ഖൈമയിലെ ശൈഖ് മുഹമ്മദ് ബിന്‍ സലേം സ്ട്രീറ്റ് റോഡില്‍ വേഗപരിധി കുറച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ടബൗട്ട് മുതല്‍ അല്‍ മജ്റാന്‍ ഐലന്‍ഡ് റൗണ്ടബൗട്ട് വരെ മണിക്കൂറില്‍ 80 കിലോമീറ്ററാണ് പുതിയ വേഗപരിധി. നേരത്തെ ഇത് 100 കിലോമീറ്റര്‍ ആയിരുന്നു. 

Leave a Reply