ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഇതേൽപ്പിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി. സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ബഹ്റൈന്റെ ഉറച്ച പ്രതിബദ്ധത ഇരുവരും ചർച്ചയിൽ ഉറപ്പിച്ചുപറഞ്ഞു. പ്രശ്‌നങ്ങൾക്ക് സമാധാനപരമായ പരിഹാരമാണ് ജനങ്ങൾക്ക് ആവശ്യമെന്നും കൂടിക്കാഴ്ചയിൽ അടിവരയിട്ടു.
ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകനത്തിൽ മേഖലയിലെയും പ്രാദേശികവുമായ നിരവധി വിഷയങ്ങളെക്കുറിച്ച് ചർച്ച നടന്നു. 2026-2027 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗമായി ബഹ്റൈൻ തെരഞ്ഞെടുക്കപ്പെട്ടതിനെ രാജാവ് സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര വേദികളിൽ സമാധാനത്തിനും അനുരഞ്ജനത്തിനുമായി ബഹ്റൈൻ നിലകൊള്ളുന്നതിലും അതിന്റെ ഫലപ്രാപ്തിയിലും ആഗോള സമൂഹത്തിന്റെ വിശ്വാസം പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.വിവിധ അക്കാദമിക് തലങ്ങളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർഥികളെ രാജാവ് അഭിനന്ദിച്ചു. അവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തുടർന്നും വിജയങ്ങൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുകയും രാഷ്ട്രത്തെയും സമൂഹത്തെയും സേവിക്കുന്നതിനുള്ള അവരുടെ സമർപ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രിയേയും അദ്ദേഹം പ്രശംസിച്ചു. വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെയും വിദ്യാർഥികളുടെ കുടുംബങ്ങളുടെയും രക്ഷിതാക്കളുടെയും നിർണായക പങ്കിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു.