ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് മെട്രാഷ് ആപ്പിൽ പുതിയ അപ്‌ഡേഷനുകൾ. പാസ്‌പോർട്ട് പുതുക്കൽ, നഷ്ടമായ പാസ്‌പോർട്ടിന് പകരം പുതിയത് ലഭ്യമാവുക തുടങ്ങിയ സാഹചര്യങ്ങളിൽ മെട്രാഷിൽ പാസ്‌പോർട്ട് വിവരങ്ങൾ അപ് ലോഡ് ചെയ്യാനും, പുതിയ ക്യു.ഐ.ഡി സ്വന്തമാക്കാനും കഴിയുന്ന സൗകര്യമാണ് ഉൾപ്പെടുത്തിയത്. മെട്രാഷ് ആപ്പിലെ റെസിഡൻസി സെക്ഷനിൽ പ്രവേശിച്ചുകൊണ്ട് ഇത് ഉപയോഗപ്പെടുത്താം.
‘ചേഞ്ച് ഡേറ്റ’ ഓപ്ഷൻ തിരഞ്ഞെടുത്തുകൊണ്ടാണ് നടപടികളുടെ തുടക്കം. ‘ചേഞ്ച് പാസ്‌പോർട്ട്’ ബട്ടൻ ക്ലിക്ക് ചെയ്തുകൊണ്ട് തുടരാം. ക്യു.ഐ.ഡി നമ്പർ നൽകിവേണം മുന്നോട്ട് പോകാൻ. പുതിയ പാസ്‌പോർട്ടിന്റെ മുൻപേജ് സ്‌കാൻ ചെയ്ത് അപ് ലോഡ് ചെയ്യുക. ബോക്‌സിനുള്ളിലായിതന്നെ പാസ്‌പോർട്ട് വിവരങ്ങൾ വരും വിധം സ്‌കാൻ ചെയ്യുക. വിജയകരമായി അപ് ലോഡ് ചെയ്യുന്നതോടെ നടപടി പൂർത്തിയാകും.
ഫീസ് കൂടി നൽകിയാൽ പുതിയ പാസ്‌പോർട്ട് വിവരങ്ങൾ ഉൾപ്പെടുത്തിയ ക്യു.ഐ.ഡി കാർഡും ലഭിക്കും.ഖത്തർ പോസ്റ്റ് വഴിയാണ് നിങ്ങളുടെ മേൽവിലാസത്തിലേക്ക് ഖത്തർ ഐ.ഡിയെത്തുന്നത്. പാസ്പോർട്ട് വിവരങ്ങൾ മാറ്റങ്ങൾ വരുമ്പോൾ ഉടൻ അപ്ഡേറ്റ് ചെയ്ത് ഐ.ഡി പുതുക്കാൻ താമസക്കാർ ശ്രമിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.