മിർദിഫിൽ രണ്ട് പുതിയ പെയ്ഡ് പാർക്കിങ് സോണുകൾ കൂടി

നഗരത്തിലെ തിരക്കേറിയ മിർദിഫ് മേഖലയിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം. പുതുതായി മേഖലയിൽ രണ്ട് പെയ്ഡ് പാർക്കിങ് സോണുകൾ കൂടി ഉൾപ്പെടുത്തിയതായി ‘പാർക്കിൻ’ കമ്പനിയാണ് അറിയിച്ചത്. തിങ്കളാഴ്ച മുതൽ ഓൺ-സ്ട്രീറ്റ് സോൺ ‘251സി’യും ഓഫ്-സ്ട്രീറ്റ് സോൺ ‘251ഡി’യുമാണ് പുതുതായി പെയ്ഡ് പാർക്കിങ് സോണുകളായി ഉൾപ്പെടുത്തിയത്.

ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും ഇവിടങ്ങളിലെ പാർക്കിങ് സൗജന്യമായിരിക്കും. മറ്റു ദിവസങ്ങളിൽ 251സി സോണിൽ തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിന് 4 ദിർഹം, ദിർഹം 8 (2 മണിക്കൂർ), ദിർഹം 12(3 മണിക്കൂർ), ദിർഹം16(4 മണിക്കൂർ) എന്നിങ്ങനെയും തിരക്കില്ലാത്ത സമയങ്ങളിൽ മണിക്കൂറിന് 2 ദിർഹം, ദിർഹം5 (2 മണിക്കൂർ), ദിർഹം 8 (3 മണിക്കൂർ), ദിർഹം11(4 മണിക്കൂർ) എന്നിങ്ങനെയാണ് നിരക്ക്. തിരക്കേറിയ സമയങ്ങളിൽ സോൺ ‘251ഡി’യിൽ ദിർഹം4 (1 മണിക്കൂർ), ദിർഹം8 (2 മണിക്കൂർ), ദിർഹം 12(3 മണിക്കൂർ), ദിർഹം16(4 മണിക്കൂർ), ദിർഹം20 (24 മണിക്കൂർ) എന്നിങ്ങനെയും തിരക്കില്ലാത്ത സമയങ്ങളിൽ 2 ദിർഹം(1 മണിക്കൂർ), ദിർഹം4 (2 മണിക്കൂർ), ദിർഹം 5 (3 മണിക്കൂർ), 7 ദിർഹം (4 മണിക്കൂർ), ദിർഹം20 (24 മണിക്കൂർ) എന്നിങ്ങനെയുമാണ് നിരക്ക്.

എമിറേറ്റിലെ കൂടുതൽ മേഖലകളിലും പാർക്കിങ് സബ്സ്‌ക്രിപ്ഷൻ സൗകര്യം വ്യാപിപ്പിക്കുന്നതായി പൊതു പാർക്കിങ് ഓപറേറ്ററായ ‘പാർക്കിൻ’ കമ്പനി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന സംവിധാനമാണ് പാർക്കിങ് സബ്സ്‌ക്രിപ്ഷൻ സേവനം. പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പൊതു പാർക്കിങ്ങിനെ പതിവായി ആശ്രയിക്കുന്ന വ്യക്തികൾക്കും ഗുണകരമാണിത്.

സബ്സ്‌ക്രിപ്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് പാർക്കിങ് സമയ പരിധിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടാകില്ല. അതോടൊപ്പം അധികസമയം പാർക്ക് ചെയ്തതിൻറെ പിഴ വരുന്നതിൽനിന്നും, ഓരോ തവണ പാർക്ക് ചെയ്യുമ്പോഴും പണമടക്കുന്നതിൻറെ പ്രയാസത്തിൽനിന്നും ഇതുവഴി രക്ഷപ്പെടാനാകും.

Leave a Reply