മലയാളി ഹാജിമാരുടെ മടക്കയാത്രക്ക് തുടക്കമായി

കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. ഹജ്ജ് കർമങ്ങൾക്കുശേഷം എട്ട് ദിവസത്തെ മദീന സന്ദർശനവും പൂർത്തിയാക്കിയാണ് മലയാളി ഹാജിമാർ മടങ്ങിയത്. ആദ്യവിമാനം ഇന്ന് പുലർച്ച അഞ്ചിന് മദീനയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഇതിൽ 170 തീർഥാടകരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് കൊച്ചിയിലേക്കുള്ള ആദ്യവിമാനം.ഈ മാസം 30ന് കണ്ണൂരിലേക്കുള്ള ഹാജിമാരുടെ മടക്കയാത്രയും ആരംഭിക്കും. വിവിധ സംഘങ്ങളായുള്ള മടക്കയാത്ര രണ്ടാഴ്ച നീളും. ജൂലൈ 10നാണ് അവസാന വിമാനം.

എട്ട് മണിക്കൂർ മുമ്പ് ഹജ്ജ് സർവിസ് കമ്പനി ഒരുക്കുന്ന ബസ് മാർഗമാണ് തീർഥാടകർ മദീന വിമാനത്താവളത്തിൽ എത്തുന്നത്. തീർഥാടകരുടെ ലാഗേജുകൾ വിമാനത്താവളത്തിൽ എത്തിക്കാൻ 48 മണിക്കൂർ മുമ്പേ ശേഖരിക്കും. 20 കിലോയുടെ രണ്ട് ലഗേജുകളാണ് കൊണ്ടുപോകാൻ അനുവദിച്ചിരുന്നത്. ഏഴ് കിലോ ഹാൻഡ് ബാഗ് കൈയിൽ വെക്കാം. സംസം വെള്ളം അതത് എംബാർക്കേഷൻ പോയൻറുകളിൽ തീർഥാടകർ എത്തുന്ന മുറക്ക് ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ വിതരണം ചെയ്യും. അതിനായി നേരത്തേ സംസം വെള്ളം വിമാന കമ്പനികൾ എത്തിച്ചിട്ടുണ്ട്. ലഗേജുകളിൽ അധിക സംസം വെള്ളം കൊണ്ടുപോകാൻ അനുവാദമില്ല.

കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയും കൊച്ചിയിലേക്ക് സൗദി എയർലൈൻസുമാണ് സർവിസ് നടത്തുന്നത്. ഭൂരിഭാഗം മലയാളി തീർഥാടകരും നിലവിൽ മക്കയിലാണ് ഉള്ളത്. നാട്ടിലേക്ക് യാത്രയാകുന്നതിന്റെ മുന്നോടിയായി ഇവർ മദീനയിലെത്തും. മസ്ജിദുന്നബവിയിൽ നമസ്‌കാരവും പ്രാർഥനയും നിർവഹിക്കും. പ്രവാചകന്റെ ഖബറിടവും റൗദയും ചരിത്രപ്രധാന സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 40,733 തീർഥാടകർ 120 വിമാനങ്ങളിലായി ഇതുവരെ നാട്ടിലേക്ക് തിരിച്ചുപോയിട്ടുണ്ട്. ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴിയാണ് മടക്കയാത്ര.

Leave a Reply