മത്സ്യത്തൊഴിലാളികൾക്ക് അജ്മാൻ ഭരണാധികാരി 50 ലക്ഷം ദിർഹം അനുവദിച്ചു

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാൻ മത്സ്യത്തൊഴിലാളി അസോസിയേഷനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം സാമ്പത്തിക ഗ്രാൻഡ് വിതരണം ചെയ്യാൻ ഉത്തരവിട്ടു.മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാനും അവർ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ സഹായിക്കാനുമുള്ള ഭരണാധികാരിയുടെ താൽപര്യപ്രകാരമാണ് ഗ്രാൻഡ് അനുവദിച്ചത്.

മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനൊപ്പം പൗരന്മാരെ ഈ തൊഴിൽ പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് നടപടിക്ക് ഉത്തരവിട്ടത്. സുപ്രധാന അവസരത്തിലെ നടപടി മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഹൃദയങ്ങളിൽ സന്തോഷം നൽകുമെന്ന് അജ്മാൻ കിരീടാവകാശിയുടെ ഓഫിസ് മേധാവിയും അജ്മാൻ മത്സ്യത്തൊഴിലാളി അസോസിയേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹ്‌മദ് ഇബ്രാഹീം റാശിദ് അൽ ഗംലാസി പറഞ്ഞു.

ഈ പുരാതന തൊഴിലിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനും മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും അവരുടെ ഭാരം ലഘൂകരിക്കുന്നതിനും അസോസിയേഷൻ അതിന്റെ എല്ലാ ശക്തിയോടെയും പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply