മത്ര സ്‌ക്വയർ പദ്ധതി നിർമ്മാണ ഘട്ടത്തിലേക്ക്

മസ്‌കത്തിലെ മത്ര സ്‌ക്വയർ പദ്ധതി ഔദ്യോഗികമായി നിർമ്മാണ ഘട്ടത്തിലേക്ക് നീങ്ങുന്നു. ടെൻഡർ നടപടിയിലേക്ക് നീങ്ങിയതോടെയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിക്ക് ഗ്രീൻ സിഗ്‌നൽ ആയത്. പക്ഷിയുടെ ആകൃതിയിലുള്ള പാലവും പൊതു ഇടവും ഉൾക്കൊള്ളുന്ന തരത്തിലാണ് മത്ര സ്‌ക്വയർ രൂപകൽപന ചെയ്തിരിക്കുന്നത്.

മത്ര ഫിഷ് മാർക്കറ്റിന് നേരെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന 7,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിലൊരുങ്ങുന്ന പദ്ധതി ഒരു പുതിയ സാംസ്‌കാരിക, വിനോദസഞ്ചാര ആകർഷണമായി മാറും. സ്‌ക്വയറിന്റെ ഹൃദയഭാഗത്തായി കടലിലേക്ക് നീളുന്ന 64 മീറ്റർ പാലം ഉണ്ടാകും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം കടൽത്തീരത്തിന്റെ വിശാലമായ കാഴ്ചകളും പ്രദാനം ചെയ്യുന്ന തരത്തിലാണ് ഇത് ഒരുക്കുക. റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കഫേകൾ, സിഗ്‌നേച്ചർ ഡാൻസിങ് ഫൗണ്ടൻ എന്നിവയുള്ള പൊതു ഇടം ഉൾപ്പെടും, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ഈന്തപ്പനകൾ, പൂച്ചെടികൾ, മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ജലധാര എന്നിവയാൽ ചുറ്റുപാടുമുള്ള പ്രദേശം മനോഹരമായി ഒരുക്കും.

സിവിൽ, ആർക്കിടെക്ചറൽ, സ്ട്രക്ചറൽ നിർമ്മാണം, പൂർണ്ണ ലാൻഡ്‌സ്‌കേപ്പിംഗ്, മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങൾ, എന്നിവയുൾപ്പെടെയുള്ള സമഗ്രമായ ജോലികൾ ടെൻഡറിൽ ഉൾപ്പെടുന്നു. തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന ഘടനയാകും പദ്ധതി നടപ്പാക്കുന്നതിലൂടെ മത്രക്ക് കൈവരിക. ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രഥമ ബിൽ അറബ് ബിൻ ഹൈതം പുരസ്‌കാരം നേടിയത് മത്ര സ്‌ക്വയർ പദ്ധതിയുടെ രൂപകൽപനക്ക് പിന്നിൽ പ്രവർത്തിച്ചവർക്കായിരുന്നു. മുനിസിപ്പാലിറ്റിയിലെ വിദഗ്ധരുടെ വൈദഗ്ധ്യം പദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply