മംഗഫ് തീപിടിത്തം: 49 പേരുടെ കുടുംബത്തിനുളള സഹായധനം കൈമാറി

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 49 പേരുടെ കുടുംബത്തിനുളള ഇൻഷുറൻസ് തുക കൈമാറി. മരിച്ച 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ കുടുംബത്തിനുള്ള ഇൻഷുറൻസ് തുകയായ 17.31 കോടി രൂപയാണ് (6,18,240 ദിനാർ) കൈമാറിയത്.

2024 ജൂൺ 12നു പുലർച്ചെ നാലിനാണ് എൻബിടിസി കമ്പനി ജീവനക്കാർ താമസിച്ച കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ മരിച്ചവരിൽ 46 പേർ ഇന്ത്യക്കാരും 3 പേർ ഫിലിപ്പീൻസുകാരുമായിരുന്നു. ജീവനക്കാർക്ക് കമ്പനി നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പ്രകാരം 48 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണു നഷ്ടപരിഹാരമായി ലഭിക്കുക. കമ്പനിയുടെ കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ.ജി. ഏബ്രഹാം തുക കൈമാറി.

മരിച്ചവരുടെ ആശ്രിതരുടെ അക്കൗണ്ടിലേക്കാണു തുക അയച്ചത്. മരിച്ചവരുടെ കുടുംബത്തിൽ കമ്പനി പ്രതിനിധികൾ അടുത്ത ആഴ്ച നേരിട്ടെത്തും. ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതിനിധികൾക്കു പുറമേ നാദിർ അൽ അവാദി, ഹമദ് എൻ.എം. അൽബദ്ദ, ഇബ്രാഹിം എം. അൽബദ്ദ, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ് ബഹ്‌റൈൻ ജനറൽ മാനേജർ അബ്ദുല്ല അൽ ഖുലൈഫി എന്നിവരും പങ്കെടുത്തു.

കമ്പനിക്കു കീഴിൽ കുവൈത്ത്, സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിലുള്ളവരും ഗ്രൂപ്പ് ഇൻഷുറൻസ് പരിധിയിൽ വരും. ഇതനുസരിച്ചു സാധാരണ മരണം സംഭവിച്ചാൽ 24 മാസത്തെയും അപകടമരണം സംഭവിച്ചാൽ 48 മാസത്തെയും ശമ്പളമാണ് ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുക. ഓരോരുത്തരും ഒടുവിൽ വാങ്ങിയ ശമ്പളം അടിസ്ഥാനമാക്കിയാണു തുക കണക്കാക്കുക. അപകടത്തിൽ പരുക്കേറ്റാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

Leave a Reply