ബ്ലൂ റസിഡൻസി വിസ നടപടി പൂർത്തീകരിക്കാൻ മൾട്ടി എൻട്രി വിസ

ബ്ലൂ റസിഡൻസി വിസക്ക് യോഗ്യതയുള്ള വിദേശികൾക്ക് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ 180 ദിവസത്തെ മൾട്ടി എൻട്രി വിസ അനുവദിച്ച് ഐഡൻറിറ്റി, സിറ്റിസൺ ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, ശുദ്ധ, പുനരുപയോഗ ഊർജം എന്നീ മേഖലകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകർക്ക് അടുത്തിടെ യു.എ.ഇ ഗോൾഡൻ വിസ മാതൃകയിൽ പ്രഖ്യാപിച്ചതാണ് 10 വർഷം പ്രാബല്യമുള്ള ബ്ലൂ റസിഡൻസി വിസ.പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, സുസ്ഥിരത, ശുദ്ധ, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ അർപ്പിച്ച ഇൻഫ്‌ലുവൻസർമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ, നിക്ഷേപകർ, സംരംഭകർ, വിദഗ്ധർ എന്നിവരാണ് ബ്ലൂ റസിഡൻസ് വിസക്ക് അപേക്ഷ സമർപ്പിക്കാൻ അർഹരായവർ. ഐ.സി.പിയുടെ സ്മാർട്ട് സർവിസസ് പ്ലാറ്റ്‌ഫോം, മൊബൈൽ ആപ് എന്നിവ വഴി അപേക്ഷ സമർപ്പിക്കാം.

ഇതിനായി നാല് നടപടികൾ പൂർത്തീകരിക്കണം. ആദ്യം സ്മാർട്ട് സർവിസസ് പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചശേഷം രേഖകൾ അപ്‌ലോഡ് ചെയ്യുക.ശേഷം അപേക്ഷ ഫീസ് അടക്കണം. തുടർന്ന് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിച്ചാൽ സ്ഥിരീകരിച്ചതായി കാണിച്ചുള്ള ഇ-മെയിൽ സന്ദേശം ലഭിക്കും. ഏതാണ്ട് ഏഴ് മിനിറ്റ് മാത്രമേ ഈ നടപടി പൂർത്തീകരിക്കാൻ എടുക്കുകയുള്ളൂ.

ആറുമാസം പ്രാബല്യമുള്ള പാസ്‌പോർട്ടിൻറെ കോപ്പി, അടുത്തിടെ എടുത്ത കളർ ഫോട്ടോ, ബ്ലൂ റസിഡൻസി വിസക്കുള്ള യോഗ്യത തെളിയിക്കുന്നതിനായുള്ള രേഖകൾ എന്നിവയാണ് അപേക്ഷ സമർപ്പണത്തിന് ആവശ്യമായുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പുമായി സഹകരിച്ച് ഐ.സി.പി പരിസ്ഥിതി സംരക്ഷണ പ്രവർത്തകർക്കായി ബ്ലൂ റസിഡൻസി വിസയുടെ ആദ്യഘട്ടം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ചിന്തകർ, സുസ്ഥിരതരംഗത്തുള്ള വിദഗ്ധർ എന്നിവർക്ക് ബ്ലൂ റസിഡൻസി വിസ അനുവദിക്കുകയും ചെയ്തു.സുസ്ഥിരത രംഗത്ത് യു.എ.ഇ തുടരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് ബ്ലൂ റസിഡൻസി വിസ പ്രഖ്യാപനമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply