ബഹ്‌റൈൻ ഇൻറർനാഷനൽ സർക്യൂട്ട് നവീകരിക്കുന്നു

ബഹ്‌റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ (ബി.ഐ.സി) നവീകരണത്തിനൊരുങ്ങുന്നു. സർക്യൂട്ടിന്റെ ശേഷി വർധിപ്പിക്കുക, പാരിസ്ഥിതിക സംരംഭങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പരിവർത്തന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബി.ഐ.സി ചീഫ് എക്‌സിക്യുട്ടിവ് ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ അറിയിച്ചു.

2027 മുതൽ 2029 വരെയുള്ള കാലയളവിൽ പ്രാഥമിക വികസന പദ്ധതികൾ നടപ്പാക്കും. ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനായി അടിസ്ഥാന സൗകര്യങ്ങളടങ്ങിയ നവീകരണം പ്രാഥമിക ഘട്ടത്തിലാണെന്ന് ബി.ഐ.സി ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. പാഡോക്ക് ക്ലബ് ഏരിയയിലെ വിപുലീകരണ പദ്ധതികൾ അടുത്ത വർഷത്തെ റേസിനുശേഷം ആരംഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

ബി.ഐ.സിയുടെ 25ാം വാർഷികമായ 2029 ഓടെ കോർപറേറ്റ് ബോക്‌സുകളുടെയും പാഡോക്ക് ക്ലബിന്റെയും ശേഷി വർധിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ശൈഖ് സൽമാൻ കൂട്ടിച്ചേർത്തു. രാജ്യത്ത് മോട്ടോസ്‌പോട്ട് പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി ബി.ഐ.സി ആസൂത്രണം ചെയ്ത നിരവധി പദ്ധതികളിലൊന്നാണിത്.

Leave a Reply