ബഹ്‌റൈനിൽ പൊതുജനാരോഗ്യ സംവിധാനം നമ്പർ വൺ

പൊതുജനാരോഗ്യ മേഖലയിൽ മുന്നേറ്റവുമായി ബഹ്‌റൈൻ. 12 ലക്ഷത്തിലധികം ആളുകളാണ് ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ വർഷം ചികിത്സ തേടിയെത്തിയത്. അതിൽ നാല് ലക്ഷത്തിലധികം എമർജൻസി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബഹ്‌റൈനിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ചികിത്സ തേടിയവരിൽ 80 ശതമാനവും സ്വദേശികളാണ്. സ്വകാര്യ ആശുപത്രികളേക്കാൾ ബഹ്‌റൈൻ സ്വദേശികൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് മുൻഗണന നൽകുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളുടെ സി.ഇ.ഒ ഡോ. മർയമാണ് രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഉയർച്ച വിശദീകരിച്ചത്. പൊതുജനാരോഗ്യ മേഖലയിൽ ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങൾ, ആശുപത്രികളുടെ നവീകരണം, പുതിയ പ്രോജക്ടുകൾ എന്നിവയെക്കുറിച്ചും ഡോ. മറിയം വിശദീകരിച്ചു.

ബഹ്‌റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ശരാശരി 80 ശതമാനം രോഗികളുണ്ടാവാറുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തിൽ 90 ശതമാനത്തിലധികം രോഗികൾ ഉണ്ടാകാറുണ്ടെന്നും ഡോ. മറിയം വ്യക്തമാക്കി. വർധിച്ചുവരുന്ന രോഗികളുടെ എണ്ണം പരിഗണിച്ച് ആശുപത്രിയിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. സിക്കിൾസെൽ അനീമിയ ഉള്ള സ്ത്രീകൾക്ക് ഹ്രസ്വകാല താമസ സൗകര്യവും സൈക്യാട്രിക് എമർജൻസി വിഭാഗവും ഉൾപ്പെടെ പ്രത്യേക യൂനിറ്റുകളും സൽമാനിയയിൽ ആരംഭിച്ചിട്ടുണ്ട്.

22,000ത്തിലധികം ശസ്ത്രക്രിയകളും 7600 പ്രസവങ്ങളും കഴിഞ്ഞ വർഷം സൽമാനിയ ആശുപത്രിയിൽ വെച്ച് നടന്നു. 20 ദശലക്ഷത്തിലധികം ലാബ് പരിശോധനകളും മൂന്ന് ലക്ഷത്തിലധികം സ്‌കാനിങ്ങുകളും ഇതേ കാലയളവിൽ പൂർത്തിയാക്കി. ഇത് ബഹ്‌റൈനിലെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ക്ലിനിക്കൽ ശേഷിയെ പ്രതിഫലിപ്പിക്കുന്നതാണ്.

Leave a Reply