ബഹ്‌റൈനിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം സൗദിയിലെത്തി

ഈ വർഷത്തെ ഹജ്ജിനായി ബഹ്‌റൈനിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം സൗദിയിലെത്തി. 250ഓളം പേരടങ്ങുന്ന സംഘമാണ് ഹജ്ജ് കർമങ്ങൾക്കായി സൗദിയിലെത്തിച്ചേർന്നത്. 55 അംഗീകൃത ഹജ്ജ് ഓപറേറ്റർമാരുടെ കീഴിലായി 4625 തീർഥാടകരാണ് ഇത്തവണ ബഹ്‌റൈനിൽ നിന്ന് ഹജ്ജ് കർമങ്ങൾക്കായി പുറപ്പെടുന്നത്. അതിൽ 250 ഓളം തീർഥാടകരടങ്ങുന്ന ആദ്യ സംഘമാണ് വെള്ളിയാഴ്ചയോടെ സൗദിയിലെത്തിച്ചേർന്നത്. വിമാനത്താവളം വഴിയും റോഡ് മാർഗം കിങ് ഫഹദ് കോസ് വേ വഴിയുമാണ് തീർഥാടകരുടെ സംഘം സൗദിയിൽ പ്രവേശിച്ചത്.

വൃദ്ധരും മധ്യവയസ്‌കരും യുവാക്കളുമടങ്ങുന്നതാണ് തീർഥാടക സംഘം. കിങ് ഫഹദ് കോസ് വേ വഴി സൗദിയിലെത്തിയ സംഘത്തിന് സൗദി ഇസ്‌ലാമിക് അഫയേഴ്സ്, ദഅ്വ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. സൗദിയിലെത്തിയ തീർഥാടകർ ആരോഗ്യ, സംഘടനാ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഹജ്ജ് ആൻഡ് ഉംറ അഫയേഴ്സ് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതുപോലെ തന്നെ ഹജ്ജിന് പുറപ്പെടാൻ ഒരുങ്ങുന്നവർ ബഹ്‌റൈൻ ഹജ്ജ് മിഷനും സൗദി അധികൃതരും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ബഹ്‌റൈൻ ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു. ആചാരാനുഷ്ടാനങ്ങളുടെ സുരക്ഷിതവും സുഗമവുമായ നിർവഹണം ഉറപ്പാക്കണമെന്നും കമ്മിറ്റി തീർഥാടകരോടായി അഭ്യർഥിച്ചു.

Leave a Reply