മൂന്ന് നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനകൾ നൽകണമെന്ന നിർദേശത്തിന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗീകാരം. ബോർഡ് സാമ്പത്തിക, ഭരണ, നിയമനിർമാണ സമിതി ചെയർമാൻ ഡോ. ബശാർ അഹ്‌മദി അവതരിപ്പിച്ച നിർദേശം ഭിന്നശേഷിക്കാരുടെ സുരക്ഷ, അവരുടെ സഞ്ചാരം തുടങ്ങിയവക്ക് അനുയോജ്യമായ തരത്തിൽ സൗകര്യമൊരുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
നേരത്തേ അഞ്ച് നിലകളുള്ള കെട്ടിടങ്ങൾക്കായി നിർദേശിക്കപ്പെട്ട നിർദേശം പിന്നീട് മൂന്ന് നില മുതലുള്ള കെട്ടിടങ്ങൾക്കായി മാറ്റുകയായിരുന്നു. പൊതു സുരക്ഷ വർധിപ്പിക്കുന്നതിനോടൊപ്പം കെട്ടിടത്തിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക, സർക്കാർ സൗകര്യങ്ങൾ ഉൾപ്പെടെ പൊതു, സ്വകാര്യ ബഹുനില കെട്ടിടങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനും ഇറങ്ങാനുമുള്ള മാർഗങ്ങൾ ഉറപ്പാക്കുക, ഭിന്നശേഷിക്കാർക്കുള്ള അന്താരാഷ്ട്ര നിബന്ധനകൾ പാലിക്കുക തുടങ്ങിയ നിബന്ധനകളാണ് നിർദേശത്തിലുള്ളത്.
ഇത് കേവലം ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യമല്ലെന്നും സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും കാര്യമാണെന്നും ഡോ. അഹ്‌മദി പറഞ്ഞു. ഭിന്ന ശേഷിക്കാരെ പരിഗണിക്കാതെ നിർമിച്ച കെട്ടിടങ്ങളിൽ ഇത്തരം വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. ഇനി നിർമിക്കുന്ന കെട്ടിടങ്ങളിൽ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ വൈദ്യുതി കണക്ഷനടക്കമുള്ള അനുമതി നൽകുന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിർദേശം മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറകിന് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി ഭവന, നഗരാസൂത്രണ മന്ത്രി അംന അൽ റുമൈഹിക്കും കൈമാറി.