ബലിപെരുന്നാൾ; പാർക്കിങ് സേവനങ്ങൾ സൗജന്യമാക്കി ദുബൈ

ബലി പെരുന്നാളിനോടനുബന്ധിച്ച് പാർക്കിങ് സേവനങ്ങൾ സൗജന്യമാക്കി ദുബൈ. ജൂൺ അഞ്ച് വ്യാഴം മുതൽ ഞായർ വരെ നാലു ദിവസമാണ് യുഎഇയിലെ പെരുന്നാൾ അവധി. ഈ നാലു ദിവസവും സൗജന്യ പാർക്കിങ് ലഭ്യമായിരിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി – ആർടിഎ- അറിയിച്ചു. എന്നാൽ മൾടിലെവൽ പാർക്കിങ് ടെർമിനലുകളിൽ സൗജന്യമുണ്ടാകില്ല. ദുബൈ മെട്രോയും ട്രാമും അടക്കമുള്ള സംവിധാനങ്ങൾ അവധിദിനങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്തുമെന്നും ആർടിഎ അറിയിച്ചു.

ദുബൈ മെട്രോയുടെ റെഡ്, ഗ്രൻ ലൈനുകൾ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെ സർവീസ് നടത്തും. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ആറു മുതൽ പിറ്റേന്ന് പുലർച്ചെ ഒരുമണി വരെയാണ് ട്രാം സർവീസ്. ദുബൈ ബസ് സർവീസുകളിലും മാറ്റങ്ങളുണ്ടാകും. സഹ്ൽ ആപ്പ് വഴി കൂടുതൽ വിവരങ്ങൾ അറിയാമെന്നും അധികൃതർ അറിയിച്ചു.

അവധി ദിനങ്ങളിൽ ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പ്രവർത്തില്ല. അതേസമയം ഉമ്മു റമൂൽ, ദേര, അൽ ബർഷ, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പതിവുപോലെ മുഴുസമയവും പ്രവർത്തിക്കും. സാങ്കേതിക പരിശോധനക്കുള്ള സർവീസ് പ്രൊവൈഡർ കേന്ദ്രങ്ങൾ ജൂൺ 5 മുതൽ 7 വരെ പ്രവർത്തിക്കില്ലെന്നും ആർടിഎ അറിയിച്ചു.

Leave a Reply