ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ

ത്യാഗസ്മരണയിൽ ഇന്ന് ഗൾഫ് രാജ്യങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. നമസ്‌കാരത്തിനായി അതിരാവിലെ തന്നെ വിശ്വാസികൾ പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും ഒഴുകിയെത്തി .ഈ വർഷം ബലി പെരുന്നാൾ വെള്ളിയാഴ്ച വന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇരട്ടി പുണ്യമായാണ് കണക്കാക്കുന്നത്.

ദൈവകൽപ്പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനെ ബലിയർപ്പിക്കാൻ തുനിഞ്ഞതിന്റെ ഓർമ്മ പുതുക്കിയാണ് വിശ്വാസ സമൂഹം ബലി പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആഘോഷിക്കുന്നത്.യുഎഇയിൽ ഇത്തവണ നാലിടങ്ങളിൽ മലയാളത്തിൽ ഖുത്തുബ നിർവഹിക്കുന്ന ഈദ്ഗാഹുകൾ ഒരുക്കിയിരുന്നു .ദുബായ് അൽഖൂസ് അൽമനാർ സെന്ററിൽ മൗലവി അബ്ദുസലാം മോങ്ങവും ഷാർജയിൽ ഹുസൈൻ സലഫിയും ഖുത്തുബക്കും നമസ്‌കാരത്തിനും നേതൃത്വം നൽകി.

പതിനെട്ടു ലക്ഷത്തിലേറെ വിശ്വാസികൾ സംഗമിച്ച ഹജ്ജ് കർമ്മത്തിന്റെ വിജയകരമായ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാൾ. ജംറയിലെത്തി സാത്താന്റെ രൂപത്തിന് കല്ലെറിഞ്ഞ തീർത്ഥാടകർ, ബലിയർപ്പിച്ച് തലമുണ്ഡനവും പൂർത്തിയാക്കി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. മൂന്ന് ദിവസം കൂടി മീനായിലെ തമ്പുകളിൽ രാപ്പാർത്ത് ശനിയാഴ്ച വിടവാങ്ങൽ പ്രദക്ഷിണം നിർവഹിച്ച് ഹാജിമാർ മക്കയോട് വിട പറയും.വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ ജനങ്ങൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. വിപുലമായ ആഘോഷപരിപാടികളാണ് ഗൾഫിലെങ്ങും സംഘടിപ്പിച്ചിട്ടുള്ളത്

Leave a Reply