ബലിപെരുന്നാൾ; ഒമാനിൽ അഞ്ചു ദിവസത്തെ അവധിക്ക് സാധ്യത

ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ അഞ്ചു ദിവസം പൊതു അവധി ലഭിക്കാൻ സാധ്യത. ചൊവ്വാഴ്ച ദുൽ ഹജ്ജ് മാസ പിറവി കാണുകയാണെങ്കിൽ ജൂൺ ആറ് വെള്ളിയാഴ്ചയായിരിക്കും ബലി പെരുന്നാൾ. കണക്കുകൾ അനുസരിച്ച് ചൊവ്വാഴ്ച വൈകുന്നേരം തന്നെ മാസ പിറവി കാണാൻ സാധ്യതയുണ്ടെന്ന് ഒമാൻ ഗോളശാസ്ത്ര വിദഗ്ധൻ സാബിഹ് ബിൻ റഹ്‌മാൻ ആൽ സാദി പറഞ്ഞു. സുര്യാസ്തമനം കഴിഞ്ഞ് 36 മിനുറ്റ് ചന്ദ്രൻ ആകാശത്തുണ്ടാവും. അതിനാൽ മാസ പിറവി കാണാനുള്ള സാധ്യത കൂടുതലാണ്.

ബുധാനഴ്ച ദുൽ ഹജ്ജ് ഒന്നാവുകയാണെങ്കിൽ അറഫ ദിനം വ്യാഴാഴ്ചയായിരിക്കും. സാധാരണ അറഫ ദിനത്തിന് ഒമാനിൽ പൊത അവധി ലഭിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ വ്യാഴാഴ്ച മുതൽ പൊതു അവധി ആരംഭിക്കുകയും തിങ്കളാഴ്ച വരെ അവധി തുടരുകയും ചെയ്യാനാണ് സാധ്യത. അതായത് വാരാന്ത്യ അവധികൾ അടക്കം അഞ്ചു ദിവസം ഒമാൻ അവധിയിലായിരിക്കും. പിന്നിട് മൂന്നു ദിവസം അവധി കൂടിയെടുത്താൻ പത്തു ദിവസം അവധി ലഭിക്കും. ഇത് പെരുന്നാൾ അവധി ആഘോഷിക്കാൻ നാട്ടിൽ പോവുന്നവർക്ക് വലിയ അനുഗ്രഹമായിരിക്കും.

എന്നാൽ മുന്നു ദിവസം കൂടുതൽ അവധിയെടുത്ത് നാട്ടിൽ പോവാൻ അവസരം ഉണ്ടെങ്കിൽ പ്രവാസികളിൽ ചുരുക്കം പേർ മാത്രമാണ് ഈ വർഷം പെരുന്നാൾ അവധിക്ക് നാട്ടിൽ പോവുക. പെരുന്നാൾ അവധിക്കാലത്ത് വിമാന കമ്പനികളുടെ കൊല്ലുന്ന ടിക്കറ്റ് നിരക്കാണ് ഇതിന് കാരണം. പെരുന്നാൾ അവധിയും സ്‌കൂൾ വേനൽ അവധിയും ഒന്നിച്ചെത്തിയതാണ് വിമാന കമ്പനികൾക്ക് കൊയ്ത്തായത്.

പെരുന്നാൾ അവധിക്കാലത്ത് പല വിമാന കമ്പനികളും 150 റിയാലിന് മുകളിലാണ് വൺവേക്ക് ഈടാക്കുന്നത്. ഇത്രയും ഉയർന്ന വിമാന നിരക്കുകൾ നൽകി പൊതുവെ പ്രവാസികൾ നാട്ടിലേക്ക് പോവാൻ സാധ്യതയില്ല. പെരുന്നാൾ അവധിക്ക് പലരും ഒമാനിൽ തന്നെ തങ്ങാനാണ് സാധ്യത. എന്നാൽ, സ്‌കൂൾ അവധിക്ക് നാട്ടിൽ പോവുന്നവർ പെരുന്നാൾ അവധി കൂടി മുമ്പിൽ കണ്ട് നേരത്തെ നാട്ടിൽ പോവാനും സാധ്യതയുണ്ട്.എന്നാൽ സലാലയിൽ സുഖകരമായ കലാവസ്ഥ അനുഭവപ്പെടുന്നതിനാൽ പലരും അവധി ആഘോഷത്തിന് സലാലയുംതെരഞ്ഞെടുത്തേക്കും.

Leave a Reply