ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായി റോയൽ ഒമാൻ പൊലീസ് (ആർഒപി) യാത്രക്കാർക്ക് സുപ്രധാന നിർദേശങ്ങൾ പുറത്തിറക്കി. ജൂൺ അഞ്ച് മുതൽ ഒൻപത് വരെ നീളുന്ന അഞ്ച് ദിവസത്തെ അവധിക്ക് മുന്നോടിയായി, രാജ്യത്തിനകത്തും പുറത്തേക്കും യാത്ര പ്ലാൻ ചെയ്യുന്നവർ അവരുടെ തിരിച്ചറിയൽ രേഖകളുടെ കാലാവധി ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിച്ചു.
ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ കുടുംബങ്ങളും കൂട്ടായ്മകളും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവാസികൾ സ്വന്തം നാട്ടിലേക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ, യാത്രാ വേളയിൽ കാലതാമസവും സങ്കീർണതകളും ഒഴിവാക്കുന്നതിനായി ദേശീയ ഐഡി കാർഡുകൾ, റെസിഡന്റ് കാർഡുകൾ, പാസ്‌പോർട്ടുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം തിരിച്ചറിയൽ രേഖകളും സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ ആർഒപി ഓർമ്മിപ്പിച്ചു. ആവശ്യമെങ്കിൽ അവധി ദിവസങ്ങൾക്കും യാത്രക്കും മുമ്പുതന്നെ രേഖകൾ പുതുക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
പ്രധാനമായും റോഡ് മാർഗം യുഎഇ-ഒമാൻ യാത്ര ചെയ്യുന്നവരും തങ്ങളുടെ രേഖകളുടെ പരിശോധന യാത്രക്ക് മുൻപ് നടത്തണമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ, അവധിക്കാല യാത്ര പുറപ്പെടുന്നവർ തങ്ങളുടെ വീടുകൾ സുരക്ഷിതമാക്കണമെന്നും റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മോഷണം തടയുന്നതിനും വീടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.