പ്രകൃതിയോടും ഇതര ജീവജാലങ്ങളോടും കരുതൽ വേണമെന്ന ഓർമപ്പെടുത്തലുമായി ഖത്തറിലെ ഹമദ് വിമാനത്താവളം

പ്രകൃതിയോടും ഇതര ജീവജാലങ്ങളോടും കരുതൽ വേണമെന്ന് ഓർമപ്പെടുത്തുകയാണ് ഖത്തറിലെ ഹമദ് വിമാനത്താവളം. വിമാനത്താവളത്തിലെ പൂന്തോട്ടത്തിൽ മൃഗങ്ങളുടെ ഒരു വട്ടമേശ സമ്മേളനം ഒരുക്കിയിരിക്കുകയാണ് അധികൃതർ.

ലോകപ്രശസ്ത കലാകാരന്മാരായ ഗില്ലിയും മാർക്കും ചേർന്നാണ് ‘വൈൽഡ് ലൈഫ് വണ്ടർസ്‌കേപ്‌സ്’ എന്ന പേരിൽ കലാസൃഷ്ടി തയ്യാറാക്കിയത്. മൂന്ന് സൃഷ്ടികളാണ് ഹമദ് വിമാനത്താവളത്തിൽ സന്ദർശകർക്കായി തുറന്നു നൽകിയത്. വട്ടമേശയിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ അതിജീവനം ചർച്ച ചെയ്യുന്ന ഗൗരവ ചർച്ചയെ ശിൽപികൾ പ്രതിഫലിക്കുന്നു.

3.5 മീറ്റർ വീതിയും 10.5 മീറർർ നീളത്തിലുമുള്ള സൃഷ്ടിക്ക് ആറ് ടൺ വെങ്കലം ഉപയോഗിച്ചിട്ടുണ്ട്. ‘ദേ വേർ ഓൺ വൈൽഡ് റൈഡ് ഇൻ ദോഹ’ എന്ന പേരിൽ പത്ത് മീറ്റർ നീളമുള്ളതാണ് മറ്റൊരു കലാസൃഷ്ടി. സിംഹവും ജിറാഫും മറ്റും സൈക്കിളിൽ ഒന്നിച്ച് യാത്രചെയ്യുന്ന ദൃശ്യം കലാകാരന്മാർ ആവിഷ്‌കരിക്കുന്നു. ഖത്തറിന്റെ ഫാൽകൺ പാരമ്പര്യത്തിനുള്ള ആദരവായി വിമാനത്താവളത്തിലെ സൂഖ് അൽ മതാറിൽ ‘ഫാൽകൺ വിത്ത് ഗ്ലൗ’ എന്ന പേരിലും മറ്റൊന്ന് തയ്യാറാക്കിയിയിട്ടുണ്ട്. വന്യജീവികളെയും വംശനാശ ഭീഷണി നേരിടുന്ന ജീവവർഗങ്ങളെയും സംരക്ഷിക്കാനുള്ള ഖത്തർ എയർവേസ് പദ്ധതികളുടെ ഭാഗമായാണ് കലാസൃഷ്ടി നിർമിച്ചത്.

Leave a Reply