വേനൽ കടുത്ത സാഹചര്യത്തിൽ പുറംജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചു. നട്ടുച്ചയിലെ പൊരിവെയിലത്ത് ജോലി ചെയ്യിക്കരുതെന്ന നിയമം പ്രാബല്യത്തിലായി.ഉച്ചക്ക് 12 മുതൽ മൂന്ന് വരെ പുറത്തെ ജോലി ചെയ്യുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഏർപ്പെടുത്തിയ വിലക്കാണ് ഞായറാഴ്ച മുതൽ നടപ്പായത്. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. വേനലിന്റെ തീക്ഷ്ണത കുറയുന്ന സെപ്റ്റംബർ 15 വരെയാണ് നട്ടുച്ച ജോലിക്ക് വിലക്ക്.
സൂര്യപ്രകാശം നേരിട്ടേൽക്കുന്ന വിധമുള്ള ജോലികൾക്കാണ് പ്രധാനമായും വിലക്ക്. ഇതു സംബന്ധമായ നിർദേശം നേരത്തേ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുമെന്നും നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും വേനൽക്കാലത്ത് ചൂട് മൂലം ഉണ്ടായേക്കാവുന്ന രോഗങ്ങളിൽനിന്നും പരിക്കുകളിൽനിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമാണ് ഈ നിയമം നടപ്പാക്കുന്നത്.
അതേസമയം, സൗദിയുടെ വിവിധ ഭാഗങ്ങളിൽ വേനൽ ചൂട് ശക്തിപ്രാപിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും ചില ഭാഗങ്ങളിലും മക്കയിലും മദീനയിലും അനുഭവപ്പെടുന്ന കനത്ത ചൂട് വരുംദിവസങ്ങളിൽ ഇനിയും കടുക്കുമെന്നാണ് കണക്കുക്കൂട്ടൽ.ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. തീരപ്രദേശങ്ങളിൽ ഉപരിതല കാറ്റും ശക്തമായി വീശുന്നുണ്ട്. ജിസാൻ, അസീർ തുടങ്ങിയ പ്രവിശ്യകളിൽ ഇടിമിന്നലിനും മഴക്ക് തന്നെയും സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനമുണ്ട്. ചെങ്കടലിൽ ഉപരിതല കാറ്റിന്റെ ചലനത്തിനും വേഗത കൂടിയേക്കും.