പുതിയ വിലാസം അപ്‌ഡേറ്റ് ചെയ്യാത്ത 643 പ്രവാസികളുടെ കൂടി റെസിഡൻഷ്യൽ അഡ്രസ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നീക്കി. ഇവർ 30 ദിവസത്തിനുള്ളിൽ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ 100 ദീനാർ വരെ പിഴ അടക്കേണ്ടിവരുമെന്നും അതോറിറ്റി അറിയിച്ചു.
ഇവർ നേരത്തേ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിക്കൽ കെട്ടിട ഉടമയുടെ അഭ്യർത്ഥന എന്നിവ കണക്കിലെടുത്താണ് നടപടി. താമസം മാറിയാൽ പുതിയ റെസിഡൻഷ്യൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സൂചിപ്പിച്ചു. അതോറിറ്റി ഒഫിസിൽ നേരിട്ടെത്തിയും സഹൽ ആപ്പുവഴിയും മേൽവിലാസം ക്രമപ്പെടുത്താം.
നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ 12,500 ലധികം വ്യാജ വിലാസങ്ങൾ റദ്ദാക്കിയിരുന്നു. മംഗഫ് തീപിടിത്ത ദുരന്തത്തിനുശേഷമാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവിൽ ഐ.ഡിയിലെ താമസ വിലാസങ്ങൾ കർശനമാക്കിയത്.
പ്രവാസികളുടെ താമസ സ്ഥലം കൃത്യമായി മനസ്സിലാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടി. ദേശീയ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കാൻ പ്രവാസികളുടെ വിലാസ വിവരങ്ങൾ കൃത്യമായിരിക്കണമെന്നും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.