ഒമാനിൽ പരീക്ഷ ദിനങ്ങളിലും അവധിക്കാലത്തും വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ല. ഇരുസേവനങ്ങളും ഈ സമയങ്ങളിൽ വിച്ഛേദിക്കരുതെന്ന് കാണിച്ച് അധികൃതർ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദേശങ്ങൾ നൽകി. ഒമാനിലെ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷന്റെ നിർദ്ദേശം അനുസരിച്ച് വൈകുന്നേരം അഞ്ചിനും രാവിലെ ഏഴിനും ഇടയിലും വാരാന്ത്യങ്ങളിലോ ഔദ്യോഗിക അവധി ദിവസങ്ങളിലോ അവയ്ക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസത്തിലോ വരിക്കാരുടെ വൈദ്യുതി സേവനങ്ങൾ വിച്ഛേദിക്കരുത്.
കൂടാതെ, ബന്ധപ്പെട്ട വിദ്യാഭ്യാസ അതോറിറ്റി അംഗീകരിച്ച ഷെഡ്യൂളുകൾക്കനുസൃതമായിനടക്കുന്ന,പൊതുവിദ്യാഭ്യാസ ഡിപ്ലോമ പരീക്ഷാ കാലയളവിലും വൈദ്യുതി വിച്ഛേദിക്കാൻ പാടില്ലെന്നും അതൊറിറ്റിയുടെ നിർദേശത്തിലുണ്ട്. ജല വിതരണവുമായി ബന്ധപ്പെട്ട മേഖലയിലും സമാന നിയന്ത്രണങ്ങൾ അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം അഞ്ചിനും രാവിലെ ഏഴിനും ഇടയിലും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും അവയ്ക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസത്തിലും ജലവിതരണം വിച്ഛേദിക്കരുത്.
വിശുദ്ധ റxസാൻ മാസത്തിലും വരിക്കാരുടെ സേവനം വിച്ഛേദിക്കരുതെന്ന് നേരത്തെ അധികൃതർ വൈദ്യുതി, ജലവിതരണ സ്ഥാപനങ്ങൾക്ക് അധികൃതർ നിർദേശം നൽകിയിരുന്നു.