ദുബൈയിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ബലിപെരുന്നാൾ അവധി ദിനങ്ങളായ നാല് ദിവസത്തിനിടയിൽ 75 ലക്ഷത്തിലധികം യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളും ടാക്സികളും ഉപയോഗിച്ചതായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഈദ് അവധിദിനങ്ങളുമായി താരതമ്യം ചെയ്താൽ ഇത്തവണ 14 ശതമാനത്തെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അവധിദിനങ്ങളിൽ ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിൽ മാത്രം 27 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചു. ദുബൈ ട്രാം 1.19 ലക്ഷത്തിലധികം ആളുകൾ ഉപയോഗിച്ചു. പൊതു ബസുകൾ മാത്രം 16 ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗിച്ചു. സമുദ്ര ഗതാഗത സംവിധാനങ്ങൾ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകിയപ്പോൾ, ടാക്സികൾ ഉപയോഗിച്ചവരുടെ എണ്ണം 21 ലക്ഷത്തിലേക്ക് കടന്നതായി റിപ്പോർട്ട്. കൂടാതെ, പങ്കിടുന്ന ഗതാഗത സംവിധാനം (Shared Mobility Services) 5 ലക്ഷത്തിലധികം യാത്രക്കാർക്കാണ് സേവനം നൽകിയത്.