നട്ടുച്ചനേരത്തെ ഇരുചക്ര വാഹന ഡെലിവറി സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് മോട്ടോർ ബൈക്ക് ഡെലിവറിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചൂട് കുറഞ്ഞു തുടങ്ങുന്ന സെപ്റ്റംബർ 15 വരെ ഇത് തുടരുമെന്ന് അധികൃതർ അറിയിച്ചു.
കാറിലിരുന്ന് പോലും പുറത്തിറങ്ങാൻ കഴിയാത്ത നട്ടുച്ചനേരങ്ങളിൽ കാര്യമായ സുരക്ഷ സജ്ജീകരങ്ങളൊന്നുമില്ലാതെ ബൈക്കുകളിലെ ഡെലിവറി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് മന്ത്രാലയം നിയമപരമായിത്തന്നെ നിയന്ത്രണം പ്രഖ്യാപിച്ചത്.
ഉഷ്ണസമ്മർദത്തിന്റെ അപകടസാധ്യതകളിൽനിന്ന് ഡെലിവറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഈ പ്രഖ്യാപനം. ഡെലിവറി കമ്പനികൾക്ക് പകൽ സമയത്ത് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ അവരുടെ സേവനങ്ങൾ നിർവഹിക്കാൻ കാറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.