ദോഹ മെട്രോ യാത്രക്കാർക്ക് വമ്പൻ ഓഫറുമായി ഖത്തർ റെയിൽ. 30 ദിവസം വീതം കാലാവധിയുള്ള മെട്രോ ടിക്കറ്റ് തുടർച്ചയായി മൂന്നു മാസത്തേക്ക് വാങ്ങിയാൽ നാലാം മാസത്തേക്ക് സൗജന്യമായി ലഭിക്കുന്ന വമ്പൻ ഓഫറാണ് യാത്രക്കാർക്കായി അവതരിപ്പിച്ചത്. ‘ബയ് ത്രീ, ഗെറ്റ് വൺ ഫ്രീ’ എന്ന ടാഗ് ലൈനിലാണ് മെട്രോ പാസ് ഓഫർ പ്രഖ്യാപിച്ചത്.
ജൂൺ ഒന്ന് മുതൽ 30 വരെയുള്ള കാലാവധിക്കുള്ളിൽ ഒരു മാസത്തെ ടിക്കറ്റ് സ്വന്തമാക്കുന്നവർക്കായിരിക്കും ഈ ഓഫർ ബാധകമാവുകയെന്ന് ദോഹ മെട്രോ അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും 30 ദിവസത്തെ മെട്രോ പാസ് വാങ്ങി നിലനിർത്തുന്നവർക്കായിരിക്കും സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയുള്ള നാലാം മാസത്തിൽ ഒരു മാസ സൗജന്യ പാസ് ലഭിക്കാൻ അർഹതയുള്ളത്.
ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റാൻഡേർഡ് ട്രാവൽ കാർഡുള്ള യാത്രക്കാർക്കാണ് ഈ ഓഫർ ലഭ്യമാവുകയെന്ന് അധികൃതർ അറിയിച്ചു.