ദൈമനിയത്ത് ഐലൻഡിനു സമീപം ശക്തമായ ഒഴുക്കിൽപ്പെട്ട അഞ്ച് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ദൈമാനിയത്ത് ഐലൻഡ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ റേഞ്ചർമാറാണ് ഇവരെ ബുധനാഴ്ച വിജയകരമായി രക്ഷിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. സമുദ്ര സംരക്ഷണ കേന്ദ്രങ്ങളിലെ നീന്തൽ, സ്‌നോർക്കെല്ലിങ് പ്രവർത്തനങ്ങളിൽ ടൂറിസം ഓപറേറ്റർമാർ കൂടുതൽ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കാൻ ആവശ്യപ്പെടുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
സന്ദർശകർ നീന്തുകയോ സ്‌നോർക്കെലിങ് നടത്തുകയോ ചെയ്യുമ്പോൾ അവരെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും തുറന്ന വെള്ളത്തിൽ അവരെ ശ്രദ്ധിക്കാതെ വിടുന്നത് ഒഴിവാക്കണമെന്നും പരിസ്ഥിതി അതോറിറ്റി ടൂറിസം കമ്പനികളോട് അഭ്യർഥിച്ചു. അവരുടെ സുരക്ഷ ഉറപ്പാക്കാനും അത്തരം അപകടകരമായ സാഹചര്യങ്ങൾ തടയാനും ഇത് അത്യാവശ്യമാണ്.
ബർക തീരത്തുനിന്ന് ഏകദേശം 18 കിലോമീറ്ററും മസ്‌കത്തിൽനിന്ന് 70 കിലോമീറ്ററും പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ദൈമാനിയത്ത് ഐലൻഡ്‌സ് നേച്ചർ റിസർവ് ഒമാനിലെ സപ്രധാന സമുദ്ര സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്. പവിഴപ്പുറ്റുകൾ, കടലാമകൾ, തിമിംഗല സ്രാവുകൾ, കൂടുകെട്ടുന്ന കടൽപ്പക്ഷികൾ എന്നിവക്ക് പേരുകേട്ട ഒമ്പത് ചെറിയ ദ്വീപുകൾ ചേർന്നതാണ് ഈ റിസർവ്. ഇത് ഡൈവിങിനും ഇക്കോടൂറിസത്തിനും പേരുക്കേട്ട സ്ഥലമായതിനാൽ നിരവധിപേരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.