ദുബൈ റോഡുകളിൽ കൂടുതൽ ബസ്, ടാക്‌സി പാതകൾ, യാത്രാ സമയം 41ശതമാനം വരെ കുറയും

ദുബൈ നഗരത്തിലെ പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ബസ്, ടാക്‌സി പാതകൾ ആസൂത്രണം ചെയ്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി. ആറ് പ്രത്യേക പാതകളാണ് സജ്ജമാക്കുന്നത്. നഗരത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്നും അതോറിറ്റി അറിയിച്ചു.

ബസുകൾക്കും ടാക്‌സികൾക്കും മാത്രം സഞ്ചരിക്കാനായി 13 കിലോമീറ്റർ നീളത്തിലാണ് ആറു പാതകൾ നിർമിക്കുക. ബസ്, ടാക്‌സി പാതകളുടെ വികസനം യാത്രാ സമയം നാൽപ്പത്തിയൊന്ന് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് ആർടിഎ അറിയിച്ചു. പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഗതാഗതക്കുരുക്ക് കുറക്കാനും സഹായിക്കുന്നതാണ് പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.

ദുബൈയിലെ ആറ് പ്രധാന സ്ട്രീറ്റുകളായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, സെക്കൻഡ് ഓഫ് ഡിസംബർ, അൽ സത്‌വ, അൽ നഹ്ദ, ഉമർ ബിൻ ഖത്താബ്, നായിഫ് എന്നിവിടങ്ങളിലാണ് പ്രത്യേക പാതകൾ തുറക്കുകയെന്ന് നേരത്തെ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഇതോടെ നഗരത്തിലെ പ്രത്യേക പാതകളുടെ ആകെ നീളം 20 കിലോമീറ്ററായി വർധിക്കും. സ്വകാര്യ വാഹനങ്ങൾ ഈ പാതകൾ ഉപയോഗിക്കുന്നത് തടയാൻ ചുവപ്പ് നിറം അടയാളപ്പെടുത്തും. നിയമലംഘകർക്ക് 600 ദിർഹം പിഴ ചുമത്തുകയും ചെയ്യും.

ദുബൈ നഗരത്തിന്റെ എൺപത്തിയെട്ട് ശതമാനം ഭാഗങ്ങളിലും ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെന്ന് ആർടിഎ വ്യക്തമാക്കി. 1,390 ബസുകളാണ് ആകെയുള്ളത്. ഇവ പ്രതിദിനം 11,000 ട്രിപ്പുകൾ നടത്തുന്നു. അഞ്ചു ലക്ഷത്തിലേറെ യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 2024ൽ പബ്ലിക് ബസ് ഉപയോക്താക്കളുടെ എണ്ണം 18.8 കോടിയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വർധനയാണ് മേഖലയിൽ രേഖപ്പെടുത്തിയത്.

Leave a Reply