ഒമാനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് സുൽത്താനേറ്റിൽ ഊഷ്മള സ്വീകരണം ലഭിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി അൽബറക്ക കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളുടെയും ദീർഘകാല സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായാണ് ചർച്ചകൾ നടന്നത്. സാമ്പത്തികം, സംസ്‌കാരം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകളും അവലോകനം ചെയ്തു.
മുതിർന്ന ഒമാനി ഉദ്യോഗസ്ഥരുമായും ഹംദാൻ കൂടിക്കാഴ്ചകൾ നടത്തും. ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡന്റും ദുബൈ എയർപോർട്ട്‌സിന്റെ ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും ദുബൈ ഇന്റ്‌റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയുടെ ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ ഉന്നത പ്രതിനിധി സംഘവും ദുബൈ കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്