ദുബായ് നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുങ്ങുന്നു. ദുബൈയിലെ പൊതു പാർക്കിങ് നിയന്ത്രിക്കുന്ന കമ്പനിയായ ‘പാർക്കിൻ’, ദുബൈ ഹോൾഡിങ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സഹകരണ കരാറനുസരിച്ച് വിവിധ സ്ഥലങ്ങളിലെ പാർക്കിങ് നിയന്ത്രണം ‘പാർക്കിൻ’ ഏറ്റെടുക്കും. വിവിധ ഘട്ടങ്ങളായാണ് പുതിയ പാർക്കിങ് സ്ഥലങ്ങൾ സംവിധാനിക്കുക.
നഗരത്തിൽ പാർക്കിങിന് സ്ഥലങ്ങൾ കൂടുതലായി ആവശ്യമായ സാഹചര്യത്തിലാണ് പുതിയ മേഖലകളിൽ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ‘പാർക്കിൻ’ വയക്തമാക്കിയിട്ടുണ്ട്. ദുബൈ ഹോൾഡിങുമായുള്ള സഹകരണം ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും സന്ദർശകരുടെയും താമസക്കാരുടെയും ദൈനംദിന യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ കമ്മ്യൂണിറ്റികളിൽ കമ്പനിയുടെ നിയന്ത്രണത്തിലുള്ള പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ 50,400 ആകും.
എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈ സർക്കാർ ‘പാർക്കിൻ’ കമ്പനി രൂപപ്പെടുത്തിയത്. എമിറേറ്റിൽ നിലവിൽ തന്നെ രണ്ട് ലക്ഷത്തിലധികം പാർക്കിങ് സ്ഥലങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിലുണ്ട്. പൊതു പാർക്കിങ്, പൊതു മൾടി സ്റ്റോറി കാർ പാർക്കിങ്, സ്വകാര്യ പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഇതിലുൾപ്പെടും.
എമിറേറ്റിലെ പള്ളികൾക്ക് സമീപത്തെ പാർക്കിങ് സ്ഥലങ്ങളിൽ ആഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിങ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ആഴ്ച കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ‘പാർക്കിൻ’ 59 ഇടങ്ങളിലെ 2100 പാർക്കിങ് സ്ഥലങ്ങൾ നിയന്ത്രിക്കുമെന്നും അറിയിച്ചു. പാർക്കിനും ദുബൈയിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പും(ഐ.എ.സി.എ.ഡി) തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറനുസരിച്ചണ് പദ്ധതി നടപ്പിലാക്കുന്നത്
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

