ദുബൈയിലെ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം നിർബന്ധമാക്കി. മുൻകൂർ അനുമതിയില്ലാതെ പരിശോധന നടത്തുന്ന ഉപയോക്താക്കളിൽ നിന്ന് പണമീടാക്കുമെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. ഹത്തയിലെ തസ്ജീൽ സെന്ററിൽ ഇതിന് ഇളവുണ്ടാകും. ജൂൺ രണ്ടു മുതലാണ് പരിശോധനാ കേന്ദ്രങ്ങളിലെ നിർബന്ധിത ഓൺലൈൻ ബുക്കിങ് പ്രാബല്യത്തിലാകുന്നത്. എമിറേറ്റിലെ 27 സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിൽ ആർടിഎ ദുബൈ സ്മാർട് ആപ് വഴിയോ വെബ്സൈറ്റ് വഴിയോ പരിശോധനയ്ക്ക് ബുക്കു ചെയ്യാം. പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാക്ക്-ഇൻ സേവനം 19 കേന്ദ്രങ്ങളിൽ ലഭ്യമാണ്. എന്നാൽ ഇവരിൽ നിന്ന് 100 ദിർഹം അധിക സേവന ഫീസ് ഈടാക്കും. ദുബൈയിൽ രജിസ്റ്റർ ചെയ്ത നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖിസൈസിലെയും അൽ ബർഷയിലെയും തസ്ജീൽ കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചിരുന്നു. ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിൽ ഈ സംരംഭം ഫലപ്രദമാണെന്ന് തെളിഞ്ഞുവെന്ന് ആർ.ടി.എ അറിയിച്ചു. പൈലറ്റ് ഘട്ടത്തിൽ രണ്ടു കേന്ദ്രങ്ങളിലെയും സേവനങ്ങൾക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയം 46 ശതമാനം കുറഞ്ഞുവെന്നും അധികൃതർ പറയുന്നു.