ദുബായ് സഫാരി പാർക്കിന്റെ ആറാം സീസൺ സമാപിച്ചു

എമിറേറ്റിലെ പ്രധാനപ്പെട്ട വന്യജീവി സംരക്ഷണ കേന്ദ്രമായ ദുബായ് സഫാരി പാർക്കിന്റെ ആറാംസീസൺ സമാപിച്ചു. കഴിഞ്ഞ എട്ടുമാസത്തിനിടെ റെക്കോഡ് സന്ദർശകരാണ് പാർക്കിലെത്തിയത്. വൈവിധ്യമാർന്ന വിനോദ, വിദ്യാഭ്യാസ പരിപാടികളിലൂടെയാണ് പാർക്ക് സന്ദർശകരെ ആകർഷിച്ചത്. ഇതുവരെ കഴിഞ്ഞതിൽവെച്ച് ഏറ്റവും മികച്ച പതിപ്പായാണ് കഴിഞ്ഞ പതിപ്പിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. അവധികളിലും വാരാന്ത്യങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. 52,700 സഫാരി ടൂറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള നാല് അവധി ദിനങ്ങളിൽ മാത്രമായി 43,000-ത്തിലേറെ സന്ദർശകർ പാർക്കിലെത്തി. വൈൽഡ് ഫിയസ്റ്റ, വൈൽഡ് ഇൻ ദ നൈറ്റ്, ഇഫ്താർ ഇൻ ദ വൈൽഡ് എന്നീ വിനോദ പ്രവർത്തനങ്ങളും ഒട്ടേറെപ്പേരെ ആകർഷിച്ചു. കഴിഞ്ഞ സീസണിൽ ആരംഭിച്ച നൈറ്റ് സഫാരി ഒരു മാസത്തിനിടെ 17,000 ആളുകൾ സന്ദർശിച്ചു. 80,000-ത്തിലേറെ ആളുകൾ എക്കോസ് ഓഫ് ദ വൈൽഡ് എന്ന തത്സമയ പരിപാടികളിലും പങ്കെടുത്തു. ‘ഗ്രഹ സംരക്ഷണം’ എന്ന പ്രമേയത്തിൽ നടത്തിയ വിദ്യാഭ്യാസ പരിപാടിയും ശ്രദ്ധേയമായി.

വിവിധ വിദ്യാഭ്യാസ പരിപാടികളിലായി 45,000 വിദ്യാർഥികൾ പങ്കെടുത്തു. സ്‌കൂൾ വിദ്യാർഥികൾക്കായി ഒട്ടേറെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിവിധ ഇനങ്ങളിൽപ്പെട്ട 3000-ത്തിലേറെ പക്ഷി-മൃഗാദികളുടെ ആവാസകേന്ദ്രമാണ് ദുബായ് സഫാരി പാർക്ക്. സന്ദർശകർക്ക് വന്യജീവികളുമായി അടുത്ത ഇടപഴകാനുള്ള അവസരങ്ങൾ നൽകുന്നതിലൂടെ എമിറേറ്റിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് മികച്ച സംഭാവനകളാണ് പാർക്ക് നൽകുന്നത്. വേനൽ ചൂടിൽനിന്ന് വന്യജീവികളെ സംരക്ഷിക്കാനാണ് പാർക്ക് താത്കാലികമായി അടച്ചിടുന്നത്. ഏഴാം സീസണിനായി ദുബായ് സഫാരി പാർക്ക് ഒക്ടോബറിൽ തുറക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply