ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഒമാൻ സന്ദർശനത്തിന് ഇന്ന് തുടക്കം

യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് പുറപ്പെടും.

ഉന്നതതല പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്ന അദ്ദേഹം ഒമാനിലെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഅീദുമായി കൂടിക്കാഴ്ച നടത്തും. രണ്ട് രാജ്യങ്ങൾക്കുമിടയിലെ ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണ സാധ്യതകൾ തുറക്കുന്നതിനും ഉദ്ദേശിച്ചുള്ള ചർച്ചകൾ നടക്കും. ഒമാനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചനകളുണ്ടായിരിക്കും.

ഷെയ്ഖ് ഹംദാനോടൊപ്പം ദുബായുടെ രണ്ടാമത്തെ ഉപഭരണാധികാരിയായ ഷെയ്ഖ് അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹ്‌മദ് ബിൻ സഈദ് അൽ മക്തൂം, ദുബായ് കൾചറൽ-ആർട് അതോറിറ്റിയുടെ ചെയർപേഴ്‌സൺ ഷൈഖ ലതീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ ഉണ്ടാകും.

കൂടാതെ, മന്ത്രിസഭാ കാര്യങ്ങളുടെ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, സാംസ്‌കാരിക മന്ത്രി ഷെയ്ഖ് സാലിം ബിൻ ഖാലിദ് അൽ ഖാസിമി, വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്‌മദ് അൽ സയ്യൂദി, എഐ ഡിജിറ്റൽ ഇക്കണോമി കാര്യ മന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, മറ്റ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ ദുബായ് വകുപ്പുകളുടെ തലവന്മാർ എന്നിവരും സംഘത്തിലുണ്ട്.

ഒമാനുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും ഉൾക്കാഴ്ചയുള്ള നയങ്ങളിലൂടെ ഇരുരാജ്യങ്ങൾക്കിടയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

Leave a Reply