ദുബായിൽ വൈദ്യുതവാഹന ചാർജർ ഉപയോഗം വർധിച്ചു

ദുബായിൽ വൈദ്യുതവാഹന (ഇവി) ചാർജർ ഉപയോഗം വർധിച്ചതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഗ്രീൻ ചാർജർ വഴിയുള്ള ഇവി ചാർജിങ് 2024-ലെ ആദ്യ മൂന്നുമാസത്തെ അപേക്ഷിച്ച് ഈവർഷം 23.6 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.ഈ വർഷം ആദ്യപാദത്തിൽ ദേവ 39,159 മെഗാവാട്ട് വൈദ്യുതി ഇവി ചാർജിങിനായി അനുവദിച്ചിട്ടുണ്ട്. ഇത് ഏകദേശം 19.5 കോടി കിലോമീറ്റർ ദൂരം വൈദ്യുത വാഹനങ്ങൾക്ക് ഓടാനുള്ള വൈദ്യുതിയാണ്.

കാർബൺ കുറച്ചുകൊണ്ട് രാജ്യത്ത് ‘ഗ്രീൻ മൊബിലിറ്റി’ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും കാർബണിന്റെ അളവ് ഇല്ലാതാക്കി പൂർണമായും ഗ്രീൻ മൊബിലിറ്റി സാധ്യത തേടുകയാണ് ലക്ഷ്യമെന്നും സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. 2015 മുതൽ ദുബായിൽ വൈദ്യുത വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായവർധന ഉണ്ടായിട്ടുണ്ട്. ഈവർഷം ആദ്യപാദത്തിൽ 39,000-ത്തിലേറെ വൈദ്യുത വാഹനങ്ങളാണ് ദുബായിൽ ഓടുന്നത്. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 5.41 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

പരിസ്ഥിതി സൗഹൃദ ഗതാഗതസേവനങ്ങൾ എമിറേറ്റിൽ പുരോഗതി പ്രാപിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേവയുടെ ഗ്രീൻ ചാർജർ സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത വൈദ്യുതവാഹനങ്ങളുടെ എണ്ണം വർഷംതോറും വർധിക്കുന്നുണ്ട്. യുഎഇയിൽ വൈദ്യുത വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആഗോള കണക്കെടുപ്പുകളിൽ വ്യക്തമാക്കുന്നു. ആഗോള വൈദ്യുതസർവേ കമ്പനിയായ ടോലുന നടത്തിയ സർവേയിൽ യുഎഇ ജനസംഖ്യയുടെ 73 ശതമാനംപേരും വൈദ്യുതവാഹനങ്ങൾ വാങ്ങാൻ ഇഷ്ടപ്പെടുന്നതായി കണ്ടെത്തിയിരുന്നു.

ഇവി ഗ്രീൻ ചാർജർ സംരംഭത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇവി ഉടമകളുടെ എണ്ണം 2015-ൽ വെറും 14 ആയിരുന്നെങ്കിൽ 2025 ആദ്യപാദത്തിൽ 20,903 ആയി വർധിച്ചു. ദേവ നെറ്റ്വർക്കിലുടനീളം 1100-ലേറെ ചാർജിങ് പോയിന്റുകളും ലൈസൻസുള്ള ചാർജ് പോയിന്റ് ഓപ്പറേറ്റർമാരും നിലവിലുണ്ട്. മുഴുവൻസമയവും ദുബായിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ദേവയുടെ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പ്, മറ്റ് 14 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയും ഉപഭോക്താക്കൾക്ക് ഇവി ചാർജിങ് സ്റ്റേഷനുകൾ എവിടെയെല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് എളുപ്പം കണ്ടെത്താം. അൾട്രാ ഫാസ്റ്റ്, ഫാസ്റ്റ്, പബ്ലിക്, വാൾ ബോക്‌സ് എന്നിങ്ങനെ നാലുതരം ചാർജിങ് സംവിധാനങ്ങൾ സ്റ്റേഷനുകളിൽ ലഭ്യമാകും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യിൽ രജിസ്റ്റർചെയ്ത വാഹനയുടമകൾക്ക് ദേവയുടെ ഗ്രീൻ ചാർജർ അക്കൗണ്ടിലൂടെ ചാർജിങ് സേവനം ഉപയോഗിക്കാൻ സാധിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply