ദുബായിലെ മെട്രോ സ്റ്റേഷനുകളും ട്രാം സ്റ്റേഷനുകളും വൃത്തിയാക്കാൻ ഡ്രോണുകൾ എത്തുന്നു. ദുബായ് RTA മെട്രോ, ട്രാം എന്നിവയുടെ നടത്തിപ്പുകാരായ കിയോലിസ് എം.എച്ച്.ഐ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സാധാരണയായി 15 പേരടങ്ങുന്ന ഒരു സംഘമാണ് മെട്രോ സ്റ്റേഷനുകൾ വൃത്തിയാക്കുന്നത്. എന്നാൽ ഡ്രോണുകൾ വരുന്നതോടെ എട്ട് പേരടങ്ങുന്ന സംഘത്തിന് ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു; ഇപ്പോൾ ഇതിന്റെ പരീക്ഷണം നടക്കുകയാണ്. പ്രധാനമായും മെട്രോ, ട്രാം സ്റ്റേഷനുകളുടെ പുറംഭാഗം വൃത്തിയാക്കാനാണ് ഡ്രോണുകൾ ഉപയോഗിക്കുക.
ഡ്രോണുകൾ കൂടുതൽ സുരക്ഷിതമാണ്. ഇവ ഉയരമുള്ള സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കും. പരമ്പരാഗത ശുചീകരണ സംവിധാനങ്ങളെ അപേക്ഷിച്ച് ഡ്രോണുകൾക്ക് ജല ഉപയോഗവും കുറവാണെന്നും ആർടിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.