ട്രേഡ് ലൈസൻസിൽ പറഞ്ഞിട്ടുള്ള ബിസിനസുകൾ നടത്താതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത ദുബായിലെ 1,300 സ്വകാര്യ കമ്പനികൾക്ക് യു.എ.ഇ. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) 3.4 കോടി ദിർഹം പിഴ ചുമത്തി. ഈ സ്ഥാപനങ്ങളെ താഴ്ന്ന ഗ്രേഡിലേക്ക് തരംതാഴ്ത്തുകയും പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഈ കമ്പനികൾക്ക് പുതിയ ബിസിനസുകൾ രജിസ്റ്റർ ചെയ്യാനും വിലക്കേർപ്പെടുത്തി.
ട്രേഡ് ലൈസൻസിൽ പരാമർശിക്കാത്ത മറ്റ് ബിസിനസുകൾ കമ്പനികൾ ചെയ്യുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കാര്യമായ ജോലികളൊന്നും ഇല്ലാതിരുന്നിട്ടും സ്ഥാപനങ്ങളുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നു. വർക്ക് പെർമിറ്റിൽ കാണിച്ച ജോലി നൽകാതെ വ്യാജ രേഖകൾ സൂക്ഷിച്ച കമ്പനികൾക്കെതിരെയും നടപടിയുണ്ടാകും. യു.എ.ഇ.യിലെ തൊഴിൽ വിപണിയെ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും സ്വകാര്യ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയം നടപടികൾ ശക്തമാക്കിയത്.
പ്രവർത്തനം നിർത്തുന്ന കമ്പനികൾ തങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും തൊഴിലാളികളുടെ വിസ സ്റ്റാറ്റസ് കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യണമെന്ന് മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടു. ഇത് ചെയ്യാത്ത പക്ഷം ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന കമ്പനികളെക്കുറിച്ച് 60059000 എന്ന കോൾ സെന്റർ നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.