യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാരുടെ അക്കാദമിക് ബിരുദങ്ങൾ പരിശോധിക്കുന്നതിന് ഡിജിറ്റൽ സേവനം ആരംഭിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള ഡിജിറ്റൽ പരിശോധനയിലൂടെ ജീവനക്കാർ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ ഒറിജിനലാണോ, വ്യാജനാണോ എന്ന് അറിയാൻ സാധിക്കും. യുഎഇക്ക് പുറത്തുനിന്ന് അക്കാദമിക ബിരുദങ്ങൾ നേടിയ എല്ലാവർക്കും ഈ സേവനം ബാധകമാണ്.
ഭാവിയിൽ യുഎഇയിൽ നൽകുന്ന ബിരുദങ്ങൾ കൂടി ഉൾപ്പെടുത്തി സേവനം വിപുലീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ സേവനം ലഭ്യമാകും. നിയമനം അടക്കമുള്ള കാര്യങ്ങൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
നിലവിൽ രാജ്യത്ത് ജോലി ചെയ്യാൻ യോഗ്യതയുണ്ടെന്ന് തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടത് നിർബന്ധമാണ്. ഇതിനായി 10-12 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കാറുണ്ട്. പുതിയ പദ്ധതി ആരംഭിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.