ഹജ്ജ് സീസണിൽ നടപ്പാതകളിലും പൊതുവിടങ്ങളിലുമുള്ള കിടത്തവും ഉറക്കവും ഒഴിവാക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തീർഥാടകർ ഹജ്ജ് നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെയും റോഡുകളിലും പൊതുസൗകര്യ സ്ഥലങ്ങളിലും കിടക്കാതിരിക്കുന്നതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. തീർഥാടകരുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാനാണിത്. നടപ്പാതകളിലും പൊതുഇടങ്ങളിലുമുള്ള കിടത്തവും ഉറക്കവും തീർഥാടകരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും അടിയന്തര വിഭാഗങ്ങളുടെ വരവിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത് തിരക്ക് വർധിപ്പിക്കുകയും പൊതുസുരക്ഷക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുകയും ചെയ്യും. വിശ്രമിക്കേണ്ടി വരുമ്പോൾ തീർഥാടകർ ഹോട്ടലുകളിലേക്കോ നിയുക്ത ക്യാമ്പുകളിലേക്കോ മടങ്ങണം. ഹജ്ജ് സീസണിൽ സൈബർ തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തീർഥാടകർ അവരുടെ സ്വകാര്യ ഡേറ്റ സംരക്ഷിക്കാനും കർമങ്ങൾ സുരക്ഷിതവും ആശ്വാസകരവുമായ നിർവഹണം ഉറപ്പാക്കുന്ന സാങ്കേതിക മാർഗനിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു.
വിശ്വസനീയമായ ഉറവിടങ്ങളിൽനിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക, സ്വകാര്യതയും സുരക്ഷാക്രമീകരണങ്ങളും അവലോകനം ചെയ്യുക, സുരക്ഷിതമായ ലിങ്കുകൾ മാത്രം ഉപയോഗിക്കുക എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷിത ഡിജിറ്റൽ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാനും വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകൾ ബ്രൗസ് ചെയ്യുന്നതോ സെൻസിറ്റീവ് ഡേറ്റ പങ്കിടുന്നത് ഒഴിവാക്കാനും മന്ത്രാലയം തീർഥാടകരോട് ആഭ്യർഥിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

