ഡോണൾഡ് ട്രംപിന് ഓർഡർ ഓഫ് സായിദ് ബഹുമതി

യു.എ.ഇ സന്ദർശനത്തിൻറെ ഭാഗമായി ഖസ്ർ അൽ വത്‌നിൽ ഒരുക്കിയ ചടങ്ങിൽ യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ സമ്മാനിച്ചു. ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ച ഈ മെഡൽ, വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കും സമ്മാനിക്കാറുള്ള അപൂർവ ബഹുമതിയാണ്.

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്റെ നാമധേയത്തിലാണ് ഇത് അറിയപ്പെടുന്നത്. 2008ൽ ജോർജ് ഡബ്ല്യു. ബുഷിന് ശേഷം ഈ അവാർഡ് ലഭിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. ഖസ്ർ അൽ വത്‌നിൽ നടന്ന ചടങ്ങിനിടെ ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയാദിയും അടക്കമുള്ള യു.എ.ഇ ബഹിരാകാശ യാത്രികരുമായും ട്രംപ് സംഭാഷണം നടത്തി. യു.എ.ഇയുടെ ബഹിരാകാശ പദ്ധതികൾ ഇവർ യു.എസ് പ്രസിഡന്റിന് വിശദീകരിച്ചു നൽകി.

വ്യാഴാഴ്ച വൈകുന്നേരം നാലോടെ അബൂദബിയിലെത്തിയ ട്രംപിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻറെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. യു.എ.ഇയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ട്രംപിൻറെ വിമാനത്തെ ആദരസൂചകമായി യു.എ.ഇ സൈനിക വിമാനങ്ങൾ അനുഗമിച്ചു. അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂൻ ബിൻ സായിദ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് എന്നിവരടക്കം പ്രമുഖരും സ്വീകരിക്കാനെത്തിയിരുന്നു.

സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്ന ഡോണൾഡ് ട്രംപിൻറെ പ്രഖ്യാപനത്തെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിട്ടുണ്ട്. പദവിയിലിരിക്കെ യു.എ.ഇ സന്ദർശിക്കുന്ന രണ്ടാമത്തെ യു.എസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. 2008ൽ ജോർജ് ഡബ്ല്യു ബുഷാണ് അവസാനമായി യു.എ.ഇ സന്ദർശിച്ചത്. ട്രംപ് രണ്ടാമതാണ് യു.എ.ഇയിൽ എത്തുന്നത്. 2014ൽ സ്വകാര്യ സന്ദർശനത്തിനായി അദ്ദേഹം യു.എ.ഇയിലെത്തിയിരുന്നു.

Leave a Reply