ട്രാൻസ്‌പോർട്ടേഷൻ കമ്പനികളിൽ പരിശോധനയുമായി മന്ത്രാലയം

പാസഞ്ചർ ട്രാൻസ്‌പോർട്ടേഷൻ കമ്പനികളിൽ പരിശോധന കാമ്പയിനുമായി ഗതാഗത മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് വിവിധ കമ്പനികളിലും യാത്രക്കാർക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിലുമായി പരിശോധന നടത്തിയത്. സേവനം നൽകാൻ ആവശ്യമായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കുകയും, മന്ത്രാലയം നിർദേശിക്കുന്ന നിയമങ്ങൾ പാലിക്കുന്നോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് പരിശോധന സജീവമാക്കിയത്. മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസ് ഇല്ലാതെ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി ഗതാഗത സേവനം വാഗ്ദാനം ചെയ്ത ടാക്‌സി എഫ് കമ്പനി നിയമം ലംഘിച്ചതായി കണ്ടെത്തിയതായി ഗതാഗത മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.

ലിമോസിൻ കമ്പനികളുടെ 11 ഡ്രൈവർമാർക്കെതിരെയും, ലൈസൻസില്ലാതെ സ്വകാര്യ കാറുകൾ ഉപയോഗിച്ച് യാത്രക്കാരെ കൊണ്ടുപോയ 11 ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിച്ചു. ഗതാഗത ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതാണ് തുടർ നടപടിക്ക് നിർദേശിച്ചത്. ഈ വർഷം ആദ്യ പാദത്തിൽ മാത്രം വിവിധ പരിശോധനകളിലൂടെ 66 നിയമലംഘനങ്ങൾ അധികൃതർ രജിസ്റ്റർ ചെയ്തു.ആപ്പുകൾ വഴി ടാക്‌സി സേവനം നൽകുന്ന ലിമോസിൻ കമ്പനികൾക്കെതിരെയാണ് കേസുകളെടുത്തത്. പാസഞ്ചർ ട്രാൻസ്‌പോർട്ട് മേഖലയിൽ ആരോഗ്യകരമായ മത്സരാന്തരീക്ഷവും മികച്ച നിലവാരത്തിലുള്ള സേവനവും ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായാണ് മന്ത്രാലയം പരിശോധന സജീവമാക്കിയത്.

ലിമോസിൻ കമ്പനികൾ ആവശ്യമായ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണമെന്നും, ലൈസൻസില്ലാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ചട്ടങ്ങൾ പാലിച്ച് മികച്ച സേവനം ഉറപ്പുനൽകണമെന്നും ആവശ്യമായ ലൈസൻസുകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് സ്വന്തമാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Leave a Reply