ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ രണ്ട് ഹോട്ടലുകൾ നിർമിക്കും

ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ രണ്ട് ഹോട്ടലുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ പ്രാദേശിക, അന്തർദേശീയ കമ്പനികളുമായി ഒപ്പുവെച്ചതായി കായിക മന്ത്രാലയം വ്യക്തമാക്കി. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അത്ലറ്റുകൾക്കും സന്ദർശകർക്കും ഹോട്ടൽ താമസസൗകര്യങ്ങൾ ഒരുക്കുക, സ്പോർട്സ് മേഖലയുടെ വികസനത്തിൽ ആഗോള പങ്കാളിത്തത്തിലൂടെയും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.

ഹോട്ടൽ വിസ്തീർണം 16,000 ചതുരശ്ര മീറ്ററും ഉയരം 147 മീറ്ററുമാണ്. 585 മുറികൾ ഉണ്ടായിരിക്കും. കൂടാതെ പ്രത്യേക ഫാൻ സോൺ, ഹെൽത്ത്, സ്‌പോർട്‌സ് ക്ലബ്ബുകൾ, നീന്തൽക്കുളങ്ങൾ, രണ്ട് ഹോട്ടലുകൾക്കുള്ളിലെ ഒരു കൂട്ടം അന്താരാഷ്ട്ര റെസ്റ്റാറന്റുകളും കടകളും അത്‌ലറ്റുകൾക്കായി നിയുക്ത സ്ഥലങ്ങൾ, സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിന് നിയുക്ത ഹാളുകളും സ്ഥലങ്ങളും എന്നിവയും പദ്ധതിയിൽ ഉൾപ്പെടുമെന്നും കായിക മന്ത്രാലയം സൂചിപ്പിച്ചു.

കായിക മന്ത്രാലയത്തിന്റെ ദർശനങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഒരു വിപുലീകരണമാണ് ഈ പദ്ധതി. സ്‌പോർട്‌സ് സിറ്റിയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആകർഷകമായ അന്തരീക്ഷം പ്രദാനം ചെയ്തുകൊണ്ട് സ്വകാര്യ മേഖലയെ കായിക മേഖലയുടെ വികസന യാത്രയിൽ ഉൾപ്പെടുത്തുന്നത് ഇതിൽ ഉൾപ്പെടുന്നു. ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് നേരിട്ട് സംഭാവന നൽകുമെന്നും കായിക മന്ത്രാലയം പറഞ്ഞു.

Leave a Reply