ജബൽ അഖ്ദറിൽ വേനൽക്കാലം ആഘോഷിക്കാൻ ഒരുങ്ങി ദാഖിലിയ ഗവർണറേറ്റ്. ജൂലൈ 15 മുതൽ ആഗസ്റ്റ് 30 വരെ നടക്കുന്ന ‘ജബൽ അഖ്ദർ ഫെസ്റ്റിവൽ 2025’ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പരിപാടികളുമായാണ് എത്തുന്നത്. ഒമാനിലെ പ്രധാന വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമെന്ന ജബൽ അഖ്ദറിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം.
ഈ വർഷത്തെ ഫെസ്റ്റിവൽ കാഴ്ചക്കാർക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക. വൈവിധ്യമാർന്ന നാടക പ്രദർശനങ്ങൾ, സാംസ്‌കാരിക, വിനോദ പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയോടൊപ്പം ‘ഗൾഫ് നൈറ്റ്‌സ് ഗാതറിംഗ്’ എന്ന പുതിയ പരിപാടിയും ഇത്തവണത്തെ മുഖ്യാകർഷണമാണ്. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള കുതിരസവാരി പ്രേമികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടിയിൽ പൈതൃക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങളും മത്സരങ്ങളും നടക്കും, ഇത് ഉത്സവത്തിന് ഒരു പ്രാദേശിക മാനം നൽകും.
ജബൽ അഖ്ദർ വാലി ശൈഖ് സുൽത്താൻ ബിൻ മൻസൂർ അൽ ഗാഫീലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഉത്സവത്തിന്റെ അന്തിമ ഒരുക്കങ്ങൾ വിലയിരുത്തി. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റി സംഘടനകൾ, ഇവന്റ് സംഘാടകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വേദി സജ്ജീകരണം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ, സന്ദർശകരുടെ ഒഴുക്ക് നിയന്ത്രിക്കൽ, അനുബന്ധ സേവനങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
ആഭ്യന്തര ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനും പ്രാദേശിക ബിസിനസുകൾക്ക് പിന്തുണ നൽകുന്നതിനും താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്. ചെറുകിട സംരംഭങ്ങൾക്കും പ്രാദേശിക കുടുംബങ്ങൾക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും പ്രത്യേക സൗകര്യം ഒരുക്കും.