ഗാസയിലെ ദുരിതബാധിതർക്ക് അടിയന്തരസഹായം ലഭ്യമാക്കാൻ 2500 ടൺ ദുരിതാശ്വാസസാമഗ്രികളുമായി ഒരു സഹായക്കപ്പൽകൂടി യുഎഇ അയച്ചു.ഭക്ഷണം, ഈന്തപ്പഴം, പാൽ തുടങ്ങിയ അവശ്യസാധനങ്ങളാണ് അയച്ചത്. സംഘർഷത്തിൽപ്പെട്ടവരെ പിന്തുണയ്ക്കുക, ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുക, അവശ്യസാധനങ്ങളുടെ ക്ഷാമം കുറയ്ക്കുക എന്നിവയാണ് യുഎഇയുടെ ലക്ഷ്യം.
വിവിധ മാനുഷിക, ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച് സാധ്യമായ എല്ലാവിധ സഹായങ്ങളും രാജ്യം ഗാസയ്ക്ക് നൽകുന്നുണ്ട്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം യുദ്ധത്തിൽ പരിക്കേറ്റവർക്ക് രാജ്യത്ത് വിദഗ്ധചികിത്സ നൽകുന്നത് തുടരുന്നുണ്ട്.പരിക്കേറ്റവർക്ക് അടിയന്തരചികിത്സ ലഭ്യമാക്കാനായി ഗാസയിലെ ഫീൽഡ് ആശുപത്രിയും അൽ ആരീഷ് തുറമുഖത്തെ ഫ്‌ലോട്ടിങ് ആശുപത്രിയും സജീവമായി പ്രവർത്തിക്കുന്നുമുണ്ട്.