ഗതാഗത നിയമലംഘനം: 519 വാഹനങ്ങൾ പിടിച്ചെടുത്ത് റോയൽ ഒമാൻ പൊലീസ്‌

ഗതാഗത നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. വടക്കൻ ബാത്തിന പൊലീസ് കമാൻഡ് 519 വാഹനങ്ങൾ പിടിച്ചെടുത്തു. പൊതു ക്രമസമാധാനം തടസ്സപ്പെടുത്തൽ, റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കൽ, ഗതാഗതക്കുരുക്ക് ഉണ്ടാക്കൽ എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് കാറുകൾ, 61 മോട്ടോർ സൈക്കിളുകൾ, എട്ട് ഇലക്ട്രിക് ബൈക്കുകൾ, 447 സൈക്കിളുകൾ എന്നിവയുൾപ്പെടെയാണ് പിടച്ചെടുത്തത്.

ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. കുറ്റവാളികൾക്കെതിരെ നിലവിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. ക്രമസമാധാനം നിലനിർത്തുന്നതിനും അപകടങ്ങൾ തടയുന്നതിനുമുള്ള ചട്ടങ്ങൾ പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

അതേസമയം, അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്ക് പബ്ലിക് പ്രൊസിക്യൂഷൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 500 റിയാൽ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്. ഇത്തരക്കാരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ഇത്തരത്തിൽ വാഹനം ഓടിക്കുകയും ദൃശ്യങ്ങൾ പകർത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നതും കുറ്റകൃത്യമാണെന്നും അധികൃതർ വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply