ഖരീഫ് സീസൺ: സൗദിയ എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി

ഈ വർഷത്തെ ഖരീഫ് സീസണിനോടനുബന്ധിച്ച് സൗദി എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി. ഒമാനും സൗദി അറേബ്യയും തമ്മിലുള്ള വ്യോമ, ടൂറിസം ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സർവീസ്. സീസണിൽ സലാലയെയും ജിദ്ദയെയും ബന്ധിപ്പിച്ച് സൗദിയ എയർലൈൻ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും.

ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയത്തിലെയും ദോഫർ ഗവർണറേറ്റിലെ വിവിധ സർക്കാർ ഏജൻസികളിലെയും പ്രതിനിധികൾ ചേർന്ന് ഉദ്ഘാടന വിമാനത്തെ സ്വീകരിച്ചു. സൗദി നഗരങ്ങളിൽ നിന്ന് സലാലയിലേക്ക് ഫ്ളൈനാസും സർവീസുകൾ നടത്തുന്നുണ്ട്. ഇതോടെ, 2025-ലെ ദോഫാർ ഖരീഫ് സീസണിൽ സലാല വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്തുന്ന എയർലൈനുകളുടെ പട്ടികയിൽ സൗദിയയും ഉൾപ്പെട്ടു. ഇത് യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

ഈ വർഷത്തെ ഖരീഫ് സീസണിൽ 12 പ്രാദേശിക, അന്തർദേശീയ എയർലൈനുകൾ വഴി യാത്രക്കാരെ സ്വീകരിക്കാൻ സലാല വിമാനത്താവളം സജ്ജമാണെന്ന് സലാല വിമാനത്താവളത്തിന്റെ ഡെപ്യൂട്ടി സിഇഒ എഞ്ചിനീയർ സക്കറിയ ബിൻ യാക്കൂബ് അൽ ഹറാസി അറിയിച്ചു. സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസും സലാലയിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ട്. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്നാണ് ഫ്ളൈനാസ് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചത്. ഈ സീസണിൽ വിമാനമാർഗ്ഗം മാത്രം 9 ലക്ഷം വിനോദസഞ്ചാരികളെയാണ് സലാല പ്രതീക്ഷിക്കുന്നത്.

Leave a Reply