ഒമാനിലെ ഖരീഫ് സീസണിന് മുന്നോടിയായി ഫ്‌ളൈനാസ് സൗദി അറേബ്യയിൽനിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. സലാല വിമാനത്താവളത്തെ സൗദിയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഫ്‌ളൈനാസിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര റൂട്ടുകൾ ആരംഭിക്കുമെന്ന് ഒമാൻ എയർപോർട്സാണ് പ്രഖ്യാപിച്ചത്.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്നാണ് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഫ്‌ളൈനാസ് ആരംഭിച്ചത്. ഒമാൻ എയർപോർട്സുമായും ട്രാൻസോമുമായും സഹകരിച്ചാണ് സർവീസ് നടപ്പാക്കുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സലാലയിലേക്ക് ആകെ ആഴ്ചയിൽ 16 വിമാന സർവീസുകളാണ് നടപടിപ്രകാരം ഉണ്ടാകുക.
ഏറെ ജനപ്രിയമായ ഖരീഫ് സീസണിൽ ദോഫാർ മേഖലയിലേക്ക് യാത്രക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഒമാനിൽ വരാനിരിക്കുന്ന ശരത്കാല ടൂറിസം സീസണിനെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുമാണ് പുതിയ സീസണൽ സർവീസിലൂടെ ലക്ഷ്യമിടുന്നത്.