ഖരീഫ് സീസൺ അടുത്തിരിക്കെ, അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ദോഫാർ മുനിസിപ്പാലിറ്റി. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു. ഖരീഫ് സീസണിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള വാണിജ്യ പരിപാടികൾ, പ്രവർത്തനങ്ങൾ, വ്യാപാര മേളകൾ എന്നിവയുടെ പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വരാനിരിക്കുന്ന ഖരീഫ് സീസണിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു. വിവിധ മേഖലകളിലെ ഏകോപിത ശ്രമങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ചേർന്ന യോഗത്തിൽ പൈതൃക, ടൂറിസം മന്ത്രി സലീം ബിൻ മുഹമ്മദ് അൽ മഹ്റൂഖി, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ്, ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സെൻ അൽ ഗസ്സാനി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
ഉൾഭാഗങ്ങളിലെ റോഡ് മെച്ചപ്പെടുത്തലുകൾ, ഗതാഗത മാനേജ്‌മെന്റ്, നിരീക്ഷണ സംവിധാനങ്ങൾ, വിവിധ വിലായത്തുകളിലുടനീളമുള്ള ഇവന്റ് സൈറ്റ് തയ്യാറെടുപ്പുകൾ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. റോയൽ ഒമാൻ പൊലീസിന്റെ ദോഫാർ കമാൻഡ് ഉയർന്ന ട്രാഫിക് മേഖലകളിലെ തിരക്ക് നിയന്ത്രിക്കൽ, സുരക്ഷാ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന ഗതാഗത, സുരക്ഷാ തന്ത്രങ്ങൾ പങ്കുവെച്ചു.