ഖത്തർ എയർവേസിന്റെ ബോയിങ് 777 വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ ഉടൻ പൂർത്തിയാകും. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രക്രിയകൾക്ക് തുടക്കംകുറിക്കുമെന്നും ഖത്തർ എയർവേസ് അറിയിച്ചു. സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയർലൈൻ കൂടിയാണ് ഖത്തർ എസ്വേസ്.
വ്യോമയാന മേഖലയിലെതന്നെ ഏറ്റവും വേഗത്തിലെ ഓൺ-ബോർഡ് ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രവർത്തനമായ ഈ ദൗത്യം ആഗോളതലത്തിൽ ആദ്യമായി എയർബസ് എ350 വിമാനങ്ങളിൽ ഏർപ്പെടുത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സ്റ്റാർലിങ്ക് വൈ-ഫൈ സേവനം ആരംഭിക്കുന്നതോടെ എ350 വിമാന യാത്രക്കാർക്കും അത്യാധുനിക അതിവേഗ ഇന്റർനെറ്റ് ഓൺ-ബോർഡ് ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ എയർലൈനായി ഖത്തർ എയർവേസ് അറിയപ്പെടും.
ബോയിങ് 777ലെ സ്റ്റാർലിങ് വൈ-ഫൈ സേവനം വിജയകരമായതോടെയാണ് എ350 വിമാനങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റുമായി ഖത്തർ എയർവേസ് പ്രവേശിക്കുന്നത്. 35,000 അടി ഉയരത്തിൽ സ്ട്രീമിങ്, ഗെയിമിങ്, അതിവേഗ ബ്രൗസിങ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭിക്കുന്നത്. ഏതാനും ബോയിങ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളൂവെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഏപ്രിൽ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലേക്കുകൂടി ഈ സേവനം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്നും ഇതോടെ എ350 വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനിയായി ഖത്തർ എയർവേസ് മാറുമെന്നും എൻജി. അൽ മീർ കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

