ഖത്തർ ഈസ്റ്റ് വെസ്റ്റ് അൾട്രാ മാരത്തൺ ഡിസംബർ അഞ്ചിന് നടക്കും. 90 കിലോമീറ്ററാണ് മാരത്തണിന്റെ ദൈർഘ്യം. ദോഹ കോർണിഷിൽനിന്ന് തുടങ്ങുന്ന ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാമാരത്തണിന്റെ ഫിനിഷിങ് പോയിന്റ് ദുഖാൻ ബീച്ചാണ്. ഖത്തർ അൾട്രാ റണ്ണേഴ്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അൾട്രാമാരത്തോണിൽ 18 വയസ് പൂർത്തിയായവർക്ക് പങ്കെടുക്കാം.
കഴിഞ്ഞ വർഷം നടന്ന ഈസ്റ്റ് ടു വെസ്റ്റ് അൾട്രാമാരത്തോണിൽ 1500 പേരാണ് പങ്കെടുത്തത്. ഇത്തവണ കൂടുതൽ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ക്യു.എസ്.എഫ്.എ എക്‌സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അൽ ദോസരി പറഞ്ഞു. ദോഹ കോർണിഷിലെ ഷെറാട്ടൺ ഹോട്ടൽ പാർക്കിൽനിന്ന് ആരംഭിക്കുന്ന ഓട്ടം, അൽ ഷഹാനിയയും അൽ നസ്രാനിയയും കടന്ന് അൽ ഉവൈന, അൽ ഖുബൈബ് എന്നിവിടങ്ങളിലൂടെ ദുഖാൻ ബീച്ചിലെ ഫിനിഷ് ചെയ്യും. അഞ്ച് നിയുക്ത ഹൈഡ്രേഷൻ സ്റ്റോപ്പുകൾ ഇതിനായി അനുവദിക്കും.
പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സരാർത്ഥികൾക്കാവശ്യമായ സഹായം എത്തിക്കുന്നതിനുമായി ഓട്ടത്തിലുടനീളം ആംബുലൻസുകളും പൊലീസ് യൂണിറ്റുകളും സജ്ജമാക്കും. 12 മണിക്കൂർ മുതൽ 16 മണിക്കൂർ വരെയാണ് ഓട്ടം പൂർത്തിയാക്കാൻ പ്രതീക്ഷിക്കുന്ന സമയം.