ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പങ്കിനെ പ്രശംസിച്ച് സ്‌പെയിനിലെ ഫിലിപ് ആറാമൻ രാജാവ്. അൽ ഉദൈദ് വ്യോമതാവളത്തിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിനോടുള്ള ഐക്യദാർഢ്യം സ്പാനിഷ് രാജാവ് ആവർത്തിക്കുകയും ചെയ്തു.
സെവിയ്യയിൽ സംഘടിപ്പിച്ച നാലാമത് യു.എൻ വികസന ധനസഹായ സമ്മേളനത്തിൽ പങ്കെടുക്കാനായി സ്‌പെയിനിൽ എത്തിയതായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. സ്പാനിഷ് രാജാവുമായി അമീർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ക്ഷണം സ്വീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കാനായി സ്‌പെയിനിലെത്തിയ ഖത്തർ അമീറിന് ഫിലിപ് രാജാവ് നന്ദി അറിയിച്ചു. വികസന പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ ഖത്തർ വലിയ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന്, ഈ വർഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന നാലാമത് സാമൂഹിക വികസന ലോക ഉച്ചകോടിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ വഴി സംയുക്ത ഉഭയകക്ഷി നിക്ഷേപങ്ങളെ പിന്തുണക്കുന്നതിന് പ്രാധാന്യം നൽകുമെന്ന് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറുകളുടെയും മെമ്മോറാണ്ടങ്ങളുടെയും വെളിച്ചത്തിൽ ഫിലിപ് ആറാമൻ രാജാവ് പറഞ്ഞു. ഖത്തറുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏകീകരിക്കാൻ ഖത്തർ താൽപര്യപ്പെടുന്നുവെന്ന് അമീർ സ്പാനിഷ് രാജാവിനെ അറിയിച്ചു. നിലവിലുള്ള സഹകരണം കൂടുതൽ വിപുലമാക്കും, പ്രത്യേകിച്ച് സാംസ്‌കാരിക, വിദ്യാഭ്യാസ, സുരക്ഷാ മേഖലകളിൽ. രണ്ട് രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ സഹകരണം ശക്തിപ്പെടുത്തുമെന്നും ഖത്തർ അമീർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഖത്തർ അമീറിനായി സ്പാനിഷ് രാജാവ് സെവിയ്യയിലെ റോയൽ പാലസിൽ അത്താഴവിരുന്നൊരുക്കുകയും ചെയ്തു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.