ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ സാമ്പ്ൾ പാക്കുകൾക്ക് നികുതി ഒഴിവാക്കാനുള്ള തീരുമാനവുമായി ഖത്തർ വാണിജ്യ മന്ത്രാലയവും കസ്റ്റംസും. തെരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ നിശ്ചിത അളവിലുള്ള സാമ്പിളുകൾക്ക് മാത്രമായിരിക്കും നികുതിയിൽ ഇളവുനൽകുന്നത്.ഉൽപന്നങ്ങളുടെ ഇറക്കുമതി നടപടികൾ എളുപ്പമാക്കാനും വിപണിയെ സജീവമാക്കാനും ലക്ഷ്യമിട്ടാണ് ശ്രദ്ധേയ ചുവടുവെപ്പ്. ജനറൽ കസ്റ്റംസ് വിഭാഗവുമായി ചേർന്നാണ് വാണിജ്യ മന്ത്രാലയം ഇത് നടപ്പാക്കുന്നത്.
രാജ്യത്തെ വിപണി സജീവമാക്കാനും നിക്ഷേപം വിപുലീകരിക്കുന്നതിനും ബിസിനസ് ഉടമകളെയും വ്യാപാരികളെയും പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യംവെച്ചാണ് ഈ നീക്കം. നികുതിയിളവ് സംബന്ധിച്ച് കസ്റ്റംസ് വിഭാഗം നിർദേശങ്ങൾ പ്രസിദ്ധീകരിച്ചു.
നികുതി ഇളവുകൾ
- കമ്പനിയുടെ ബ്രാഞ്ചുകളുടെ എണ്ണത്തിന് ആനുപാതികമായി, വാണിജ്യേതര അളവിൽ ഇറക്കുമതി ചെയ്യുന്ന സാമ്പിളുകളെയാണ് നികുതിയിൽനിന്ന് ഒഴിവാക്കുന്നത്.
- സാമ്പ്ൾ ഉൽപന്നങ്ങളുടെ ആകെ മൂല്യം 5000 റിയാലിൽ കൂടാൻ പാടില്ല.
- വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതിയുള്ള ലൈസൻസ് ഉടമയായിരിക്കണം ഇറക്കുമതി ചെയ്യുന്നത്.
- സാമ്പ്‌ളായി ഇറക്കുമതി ചെയ്യുന്ന ഉൽപന്നം വിൽക്കാൻ അനുവാദമുണ്ടാവില്ല.
- കസ്റ്റംസ് തീരുവകൾക്ക് മാത്രമേ ഇളവ് ബാധകമാകൂ. മറ്റ് എല്ലാ ഫീസുകളും നികുതികളും ഇതിൽനിന്ന് ഒഴിവാക്കിയിരിക്കും.
- ഇറക്കുമതി ചെയ്യുന്ന സാമ്പിളുകൾ വാണിജ്യ ആവശ്യങ്ങൾക്ക് മാത്രമായിരിക്കണമെന്നും നിർദേശമുണ്ട്.
- വിപണിമൂല്യം രേഖപ്പെടുത്താതെ ആവണം ഇറക്കുമതി ചെയ്യേണ്ടത്. എന്നാൽ, കസ്റ്റംസ് ആവശ്യങ്ങൾക്കായി അവയുടെ മൂല്യം നിർണയിക്കുകയും വേണം.
- ഓരോ ബ്രാൻഡിൽനിന്നുള്ള ഒരു ഇനത്തിന് ഒരിക്കൽ മാത്രമേ നികുതി ഇളവ് ബാധകമാക്കാൻ കഴിയൂ.
നികുതി ഇളവ് ഇല്ലാത്തവ
- വലിയ നികുതി ഈടാക്കുന്ന ഉൽപന്നങ്ങളുടെ സാമ്പ്‌ളിന് ഈ ഇളവ് ലഭിക്കില്ല.
വിലപിടിപ്പുള്ള ലോഹങ്ങൾ, രത്‌നക്കല്ലുകൾ എന്നിവ. - ഊദ്, അനുബന്ധ ഉൽപന്നങ്ങൾ