ഖത്തറിൽ റേഡിയേഷൻ പെർമിറ്റ് അപേക്ഷകൾക്ക് പുതിയ പ്ലാറ്റ്ഫോമുമായി പരിസ്ഥിതി മന്ത്രാലയം

ഖത്തറിൽ റേഡിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസുകൾക്ക് അപേക്ഷിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചു. സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ റേഡിയേഷൻ നിയന്ത്രണ വകുപ്പാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്. ലൈസൻസിനായുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും സേവന കാര്യക്ഷമത മെച്ചപ്പെടുത്താനും പുതിയ പ്ലാറ്റ്ഫോം സഹായിക്കുന്നതോടൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനം ത്വരിതപ്പെടുത്തുകയും സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യും.

എല്ലാ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതെന്നും, സ്ഥിരീകരണം, ലൈസൻസിങ്, പരിശോധന, സെൻട്രൽ റേഡിയേഷൻ ലബോറട്ടറി എന്നിവയുമായി ബന്ധപ്പെട്ട അധികാരികളിൽനിന്നുള്ള ഫീഡ്ബാക്ക് വഴി ഇത് തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും റേഡിയേഷൻ നിയന്ത്രണ വകുപ്പ് മേധാവി എൻജി. അബ്ദുറഹ്‌മാൻ അൽ അബ്ദുൽ ജബ്ബാർ പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഇ-സേവനങ്ങൾ വികസിപ്പിക്കുകയും മറ്റ് നിരവധി ദേശീയ സ്ഥാപനങ്ങളുമായി സിസ്റ്റം സംയോജിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റേഡിയേഷൻ മെറ്റീരിയലുകളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 70,000ത്തോളം കസ്റ്റംസ് നടപടികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈസൻസ് നൽകുന്നതിനും അച്ചടിക്കുന്നതിനും അപേക്ഷിക്കുന്നത് മുതൽ ലൈസൻസ് പ്രക്രിയയുമായി ബന്ധപ്പെട്ട് എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന 60ലധികം സേവനങ്ങളാണ് പ്ലാറ്റ്ഫോമിലൂടെ നൽകുന്നതെന്ന് എൻജി. നജ്ല അൽ മുഹന്നദി പറഞ്ഞു. സർക്കാർ അധികാരികൾക്കും ജീവനക്കാർക്കും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്കും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പരിശീലനം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.രണ്ട് വർഷത്തിനിടെ 3300 റേഡിയേഷൻ ലൈസൻസുകൾ നൽകിയതായും പുതിയ പ്ലാറ്റ്ഫോം ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നും ലൈസൻസിങ് വിഭാഗം മേധാവി അബ്ദുല്ലത്തീഫ് അൽ സാദ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply